| Saturday, 13th May 2023, 6:01 pm

ദാമോദരൻ മാഷിന്റെ കയ്യിൽ നിന്നും മമ്മൂട്ടി സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്; അതിൽ തെറ്റുകാണുന്നില്ല: രഞ്ജൻ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരക്കഥാകൃത്ത് ടി. ദാമോദരന്റെ കയ്യിൽ നിന്നും മമ്മൂട്ടി തിരക്കഥ വലിച്ചെറിഞ്ഞെന്ന് താൻ കേട്ടിട്ടുണ്ടെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജൻ പ്രമോദ്.
അതൊരു തെറ്റായി താൻ കാണുന്നില്ലെന്നും, മമ്മൂട്ടി ആ ചിത്രത്തിൽ അത്രക്ക് ഇൻവോൾവ്ഡ് ആയിരുന്നെന്നും രഞ്ജൻ പറഞ്ഞു.

ഓ. ബേബി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വരൾഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്, അഭിമുഖത്തിൽ ദിലീഷ് പോത്തനും പങ്കെടുത്തു.

‘ദാമോദരൻ മാഷിന്റെ കയ്യിൽ നിന്നും മമ്മൂക്ക സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇത് വുഡ്ലാൻഡ്സ് ഹോട്ടലിലെ ജോൺ പോൾ അങ്കിൾ പറഞ്ഞാണ് ഞാൻ അറിയുന്നത്. ആ സിനിമയിൽ മമ്മൂക്കക്ക് നല്ല ഇൻവോൾവ്മെന്റ് ഉണ്ട്. അത് കൊണ്ട് ദാമോദരൻ മാഷിന് അത് വല്യ പ്രശ്നമായിരുന്നില്ല. മാത്രമല്ല മാഷിനറിയാം അതാരാണെന്ന്.

അത് പരസ്പരമുള്ള മനസ്സിലാക്കലാണ്. ഇപ്പോൾ ഞാൻ ഒരു സ്ക്രിപ്റ്റ് കാണിക്കുമ്പോൾ അത് ഒരാൾ വലിച്ചെറിഞ്ഞെങ്കിൽ, ഞാൻ ആ സ്ക്രിപ്റ്റ് മര്യാദക്ക് നോക്കേണ്ടിയിരുന്നു എന്നാണ് ആ പ്രവർത്തികൊണ്ട് ഉദ്ദേശിക്കുന്നത്.

മമ്മൂക്കക്ക് അപ്പോൾ അങ്ങനെയാണ് ചെയ്യാൻ തോന്നിയത്. അതിൽ ഒരു തെറ്റ് ഞാൻ ഒരിക്കലും കാണുന്നില്ല. കാരണം സിനിമ അയാളുടെയും കൂടി ജീവിതത്തിനെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. അതിന്റെ ഉത്തരവാദിയാണയാൾ.

ഇതൊക്കെ മുൻപും ഉണ്ടായിട്ടുണ്ട്. പുതിയ കാര്യങ്ങളൊന്നുമല്ല.

നടൻ നാഗേഷ് മദ്യപിച്ചിട്ടാണ് സിനിമയിൽ അഭിനയിക്കുന്നത്. അയാൾ മദ്യപിച്ചിട്ടെ അഭിനയിച്ചിട്ടുള്ളു. തിലകൻ ചേട്ടനും.
മനുഷ്യർക്ക് അവരുടേതായ കുഴപ്പങ്ങളുണ്ട്. ഒരാൾ നടനായിപോയെന്ന്കരുതി ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനായി മാറാൻ പറ്റുമോ? കുഴപ്പങ്ങളോടുകൂടിതന്നെ നമ്മൾ ആ നടനെ അംഗീകരിക്കേണ്ടി വരും രഞ്ജൻ പറഞ്ഞു.

സിനിമയുടെ പ്രൊമോഷൻ സമയത്ത്‌ അഭിനേതാക്കൾ പങ്കെടുക്കണ്ടേ എന്ന ചോദ്യത്തിന് മിനിമം ഒരുദിവസം എങ്കിലും അതിൽ പങ്കെടുക്കണമെന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്.
‘പ്രൊഡ്യൂസർ എന്ന നിലയിൽ ഞാൻ ചെയ്ത സിനിമകളിൽ എല്ലാം ഒരു എഗ്രിമെന്റ് ഇടാറുണ്ട്. ഞങ്ങൾ സംസാരിക്കാറുമുണ്ട്. പ്രധാന കഥാപാത്രങ്ങൾ ആണെങ്കിൽ മിനിമം രണ്ടുദിവസമെങ്കിലും പ്രൊമോഷന്റെ ഭാഗമായിട്ട് നിൽക്കണമെന്ന് നേരത്തെ തന്നെ ഞങ്ങൾ പറയാറുണ്ട്. തീർച്ചയായും അവർ വരാറും ഉണ്ട്. കാരണം പ്രൊമോഷൻ ചെയ്ത് അത് ആളുകളിലേക്ക് എത്തിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്,’ ദിലീഷ് പോത്തൻ പറഞ്ഞു.

ത്രില്ലർ സ്വഭാവമുള്ള ഒ. ബേബി എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത് രഞ്ജൻ പ്രമോദാണ്. ചിത്രത്തിലെ നായക വേഷം നിർവഹിക്കുന്നത് ദിലീഷ് പോത്തനാണ്. വരുൺ കൃഷ്ണ, പ്രണവ് ദാസ് എന്നിവരാണ് ഗാനങ്ങൾക്ക് ഈണം നൽകുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

Content Highlights: Ranjan Pramod on Mammootty

We use cookies to give you the best possible experience. Learn more