താൻ സിനിമകൾ ചെയ്യുന്നത് ഫെമിനിസം പറയാനല്ലെന്നും ആളുകൾക്ക് വിനോദം നൽകുന്നതിനുമാണെന്നും സംവിധായകൻ രഞ്ജൻ പ്രമോദ്. താൻ ഫെമിനിസത്തിന് എതിരാണെന്നും തന്റെ സിനിമയിൽ സ്ത്രീ വിരുദ്ധതയില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ സിനിമകളുടെ കണ്ടന്റുകളിൽ സൂക്ഷ്മത വരുത്താൻ ശ്രമിക്കാറുണ്ട്. ഞാൻ സിനിമ എടുക്കുന്നത് ഫെമിനിസം പറയാനല്ല. ഞാൻ സിനിമ എടുക്കുന്നത് എന്റർടൈൻമെന്റിന് വേണ്ടിയിട്ടാണ്. ഒരു സമൂഹത്തിന് വിനോദം നൽകിയതുകൊണ്ടാണല്ലോ എന്റെ സിനിമകൾ ആളുകൾ കണ്ടത്. അന്നത്തെ സ്ത്രീകൾക്ക് ഞാൻ എടുത്ത സിനിമകൾ ഇഷ്ടമായില്ലായിരുന്നെങ്കിൽ അവർ എന്റെ സിനിമകൾ കാണില്ലായിരുന്നു. അവരുടെ അടി എനിക്ക് കിട്ടിയേനെ. അവർക്ക് അത് കണ്ടിട്ട് ഇഷ്ടമായത് അവരുടെ ജീവിതവുമായി ബന്ധമുള്ളതുകൊണ്ടാണ്. അവിടെ വന്നിരിക്കുന്നത് സമൂഹത്തിന്റെ പ്രതിഫലനമാണ്. ഞാൻ വെറുക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ധാരാളം പുരുഷന്മാരും സ്ത്രീകളും ഉണ്ട്. അതിൽ ജെൻഡറിന് പ്രാധാന്യമില്ല,’ രഞ്ജൻ പ്രമോദ് പറഞ്ഞു.
താൻ ഫെമിനിസത്തിന് എതിരാണെന്നും അതൊരിക്കലും ഒരു പൊളിറ്റിക്കൽ മൂവ്മെന്റ് ആയിട്ട് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഫെമിനിസത്തിന് എതിരാണ്. അത് അഡ്വർടൈസ്‌മെന്റിനു വേണ്ടിയിട്ടുള്ള ഒരു ഉപാധി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിനു രൂപം നൽകിയിട്ടുള്ളത് ഒരു അഡ്വർടൈസ്‌റേമെന്റ് ഏജൻസി ആണ്. അതൊരിക്കലൂം ഒരു പൊളിറ്റിക്കൽ മൂവ്മെന്റ് അല്ല. പ്രോഡക്റ്റ് വിറ്റുപോകുന്നതിന് വേണ്ടിയുള്ള ഒരു എലമെന്റ് ആണ് സ്ത്രീ. അതിനെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള ഒന്നാണ് ഫെമിനിസം.
എനിക്ക് ഇതിനോടുള്ള വെറുപ്പ് എന്താണെന്ന് വെച്ചാൽ ഇവർ ജാതിയുടെ പേരിലും, മതത്തിന്റെ പേരിലും ദേശത്തിന്റെ പേരിലും വേർതിരിവുകൾ ഉണ്ടാക്കി. ഇപ്പോൾ ഡിവിഷൻ ഉണ്ടാക്കുന്നത് കുടുംബത്തിന്റെ അകത്താണ്. ആണും പെണ്ണും എന്ന ഡിവിഷൻ ഉണ്ടാക്കുകയാണ്. യഥാർത്ഥത്തിൽ അങ്ങനെ ഒരു വേർതിരിവില്ല. സ്ത്രീകളക്ക് നേരെ ഗാർഹീകമായി വേർതിരിവും ഉപദ്രവവും അമ്പടായാൽ അത് നിയമപരമായി നേരിടണം,’ രഞ്ജൻ പ്രമോദ് പറഞ്ഞു.