ഒ. ബേബി എന്ന ചിത്രത്തിൽ സിക്സ് പാക്കുള്ള ശരീരം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ്. മല കയറി ഇറങ്ങുന്ന സാധാരണക്കാരനും ആരോഗ്യവാനുമായ കഥാപാത്രം വേണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ദിലീഷ് പോത്തൻ സ്വയം തടി കുറക്കാൻ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ബേബി എന്ന ചിത്രത്തിനായി ദിലീഷ് പോത്തൻ ബോഡി ബിൽഡിങ് നടത്തിയിട്ടും നായകന്റെ ശരീരത്തെ പുകഴ്ത്തിയുള്ള രംഗങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകാതിരുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘സിനിമയുടെ കഥ പറയുമ്പോൾ പറഞ്ഞിരുന്നു മല കയറി ഇറങ്ങുന്ന ആളാണ് നമ്മുടെ നായകൻ, അയാൾ കരുത്തനാണ്, ആരോഗ്യവാനുമാണ്. അയാൾ അഞ്ചാളുകളെ അടിക്കുന്നത് അക്ഷരാർത്ഥത്തിൽ നമ്മൾ കാണുന്നുണ്ട്. ആ പെർഫോമൻസിലുള്ള പവർ അത് കാണുന്നവർക്ക് മനസിലാക്കൻ കഴിയും. ഒരു ഇടിയും മറച്ചുവെച്ചിട്ടില്ല. എല്ലാ രംഗങ്ങളും കാണിക്കുന്നുണ്ട്.
അഞ്ചാളെ അടിക്കുന്ന ആളാണെന്ന് പറയുമ്പോൾ അയാൾ എങ്ങനെ അഞ്ചുപേരെ തല്ലും എന്നുള്ള ചോദ്യം വരും. അതിനുള്ള കരുത്ത് അയാൾക്ക് വേണം. അതിനായി ബോഡി ട്രിം ആയിരിക്കണം, അയാളുടെ ബോഡി ഫിറ്റ് ആയാൽ മതി. അല്ലാതെ സിക്സ് പാക്ക് ആക്കണമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾ അങ്ങനെ ചർച്ച ചെയ്തിട്ടേയില്ല.
കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ ആദ്യം ദിലീഷ് പറഞ്ഞത് അപ്പോൾ തടി കുറക്കണമല്ലേയെന്നാണ്. അത് ഞാൻ പറഞ്ഞിട്ട് പുള്ളി ചെയ്യേണ്ട കാര്യമല്ല. പുള്ളിക്ക് കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ തോന്നിയ കാര്യമാണ്,’ രഞ്ജൻ പ്രമോദ് പറഞ്ഞു.
Content Highlights: Ranjan Pramod on Dileesh Pothan’s character in O. Baby movie