ഒ. ബേബി എന്ന ചിത്രത്തിൽ ദിലീഷ് പോത്തന്റെ ഇൻട്രോ ബ്ലോക്കിലെ അഭിനയം കണ്ടപ്പോൾ സഹ താരത്തെ കൊല്ലുമെന്ന് തോന്നിപ്പിച്ചെന്ന് സംവിധായകൻ രഞ്ജൻ പ്രമോദ്. പ്രേക്ഷകരും ഇതേ അഭിപ്രായം പറഞ്ഞെന്നും പ്രേക്ഷകരുടെ മനസ് തകർക്കുന്ന രംഗങ്ങൾ ആണ് അതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജൻ പ്രമോദ്.
‘സിനിമ പ്രേക്ഷകരുടെ മനസിലാണ് നടക്കുന്നത്. സ്‌ക്രീനിൽ കാണിക്കുന്ന സിനിമ ശരിക്കും നമ്മുടെ മനസ്സിൽ നടക്കണം. അത് അഭിനയിക്കുന്ന ദിലീഷിന്റെയോ അല്ലെങ്കിൽ സംവിധായകനായ എന്റെയോ മനസ്സിൽ നടക്കില്ല. ആ അനുഭവം നടത്തിയെടുക്കുന്ന ആളുകൾ എന്ന നിലയിൽ ഞങ്ങൾക്ക് ഫീൽ ചെയ്യില്ല.
ഞങ്ങൾ ഒരു സിനിമ ചെയ്യുമ്പോൾ, ഒരു രംഗം കണ്ടാൽ ചിലപ്പോൾ ആളുകൾ ചിരിക്കുമായിരിക്കും എന്ന് വിലയിരുത്തി ആ സീൻ മുന്നോട്ട് പോകുന്ന ആളുകളാണ്.
ദിലീഷ് അഭിനയിക്കുമ്പോൾ ഞാൻ ദിലീഷിലൂടെ കാണുന്നത് ബേബി എന്ന കഥാപാത്രത്തെയാണ്. എത്ര മനോഹരമായിട്ടാണ് പുള്ളി അത് ചെയ്തിരിക്കുന്നത്, തന്റേതായ സംഭാവനകൾ ആ കഥാപാത്രത്തിലേക്ക് ചേർത്തിട്ടുമുണ്ട്.
ചിത്രത്തിൻറെ ഇൻട്രോ ബ്ലോക്ക് കണ്ടിട്ട് ഒരു നിമിഷം ദിലീഷ് അവനെ കൊല്ലുമെന്ന് തോന്നിപ്പിച്ചു. പടം കണ്ട ഒരാളും എന്നോട് പറഞ്ഞു. അത് ശെരിക്കും ദിലീഷിന്റെ വിജയമാണ്. എന്റെ കുടുംബം ഒക്കെ ആ സീൻ കണ്ടിട്ട് അതേ അഭിപ്രായമാണ് പറഞ്ഞത്. ചിത്രത്തിൽ മകനെ കെട്ടിപ്പിടിച്ചിരിക്കുന്ന ബേബി എന്ന കഥാപാത്രം മിക്കവാറും പ്രേക്ഷകരെ തകർത്തിട്ടുണ്ടാകും. അദ്ദേഹത്തിന്റെ കണ്ണിൽ ഉണ്ടായിരുന്നു എല്ലാ എക്സ്പ്രഷനും.
ദിലീഷിന്റെ പെർഫോമൻസിൽ ഞാൻ സംതൃപ്തനാണ്. വളരെ മികച്ച അഭിനയമാണെന്നാണ് എന്റെ അഭിപ്രായം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ അതൊക്കെ സ്‌ക്രീനില്നിന്ന് മനസിലാക്കിയതാണ്,’രഞ്ജൻ പ്രമോദ് പറഞ്ഞു.
Content Highlights: Ranjan Pramod On Dileesh Pothan