'മീശ മാധവനിലെ റേപ്പ് ജോക്ക് ഞാന്‍ എഴുതിയതല്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു ഇമ്പ്രോവൈസേഷന്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കുറെ വാഗ്വാദവും, ശരിക്കും പറഞ്ഞാല്‍ നല്ല വഴക്കും ഉണ്ടായി. എനിക്കത് അന്നും ഇഷ്ടമല്ല ഇന്നും ഇഷ്ടമല്ല. എന്നാല്‍ അതിന് തിയേറ്ററില്‍ ചിരി കിട്ടും, തിയേറ്ററില്‍ ചിരിഉണ്ടാക്കുന്ന ഒരു സംഗതിയും കളയാന്‍ പറ്റില്ല എന്ന തീരുമാനത്തിലേക്കാണ് സംവിധായകനും നായകനും എത്തിയത്. എന്റെ ഇഷ്ടമില്ലാതെയാണ് അത് സിനിമയില്‍ ഉള്‍പ്പെടുത്തിയത്,' സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖം
രഞ്ജന്‍ പ്രമോദ്
അമൃത ടി. സുരേഷ്: ഒ. ബേബി എന്ന പേര് കൗതുകമുണ്ടാക്കുന്നതാണ്. ചിത്രം കാണുമ്പോള്‍ ഒതയോത്ത് ബേബിയാണ് അതെന്നും അതിലൊരു ഐഡിന്റിറ്റി ഉണ്ടെന്നും മനസിലാവുന്നു .എന്നാല്‍ സിനിമ കാണാത്ത ഒരാള്‍ക്ക് പേര് വായിച്ചാല്‍ അതിന്റെ സീരിയസ്നെസ് മനസിലാവില്ല എന്ന് ചില അഭിപ്രായങ്ങള്‍ കേട്ടിരുന്നു. എന്തുകൊണ്ട് ഒ. ബേബി എന്ന പേരിലേക്ക് എത്തി?
രഞ്ജന്‍ പ്രമോദ്: ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ടൈറ്റില്‍ എഴുതിയിരിക്കുന്നത് ‘O’ ഇംഗ്ലീഷിലും ബേബി മലയാളത്തിലുമാണ്. ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ‘O ‘ അല്ല സീറോയാണ് . യഥാര്‍ത്ഥത്തില്‍ 0. ബേബി (സീറോ പോയിന്റ് ബേബി) എന്നാണ് അത്. ബേബി തന്റെ സ്വത്വത്തിന് സ്വയം ഒരു വിലയും കല്‍പ്പിക്കാതിരിക്കുന്ന സമയത്ത്, പൂജ്യത്തെക്കാള്‍ വില കുറഞ്ഞ് പോയവനാണ് എന്ന അര്‍ത്ഥത്തില്‍ ഡെസിമലിനെ കാണാമല്ലോ. അത് സീറോ പോയിന്റ് ബേബി എന്ന് വായിച്ചവരും ഒ എന്ന് വയിച്ചവരോളം തന്നെ ഉണ്ട്. എന്നാല്‍ മലയാളത്തില്‍ ഒ. ബേബി എന്നാണ് മീഡിയയില്‍ എല്ലാവരും എഴുതുന്നത്.
ഒരേസമയം ഇത് സീറോ പോയിന്റ് ബേബിയുമാണ്, ഒ. ബേബിയുമാണ്. അത് കൊണ്ടാണ് ഒ ബേബി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരുത്താതിരുന്നത്.
അമൃത ടി. സുരേഷ്: ചിത്രത്തിനായി കുടിയേറ്റവും അവിടുത്തെ സാമൂഹിക ചുറ്റുപാടുകളും നന്നായി പഠിച്ചിട്ടുണ്ടാവുമല്ലോ? അതിനായി നടത്തിയ തയാറെടുപ്പുകള്‍ എന്തെല്ലാമാണ്?
രഞ്ജന്‍ പ്രമോദ്: ആ ചരിത്രം 0.ബേബിക്ക് വേണ്ടി മാത്രമായി അപ്പോള്‍ റിസര്‍ച്ച് ചെയ്തതല്ല.
ചരിത്രം പഠിക്കുന്നത് പൊതുവേ എനിക്ക് ഒരു വിനോദമാണ്. സിനിമക്ക് വേണ്ടി ബേബിയിലൂടെ സഞ്ചരിച്ചപ്പോള്‍ ഞാന്‍ ഓണക്കഥയിലെ മാവേലിയില്‍ വരെ എത്തിയിരുന്നു. അത് മലയേറിയ ഒരു ക്രിസ്ത്യാനി കുടുംബത്തിന്റെ മാത്രം ചരിത്രമല്ല.
മലനാട്, മലയാളം, മലവാരം, മലബാര്‍ എന്നൊക്കെയാണ് ഈ നാടിന്റെ ആദി നാമങ്ങള്‍. മലയിലും അതിന്റെ താഴ്വാരത്തിലുമായി ജീവിക്കുന്നവരാണ് മലയാളികള്‍. ബേബിയുടെ വീട്ടില്‍ വന്ന് വനരാജന്‍ കൊടുക്കുന്ന വാള്‍, പൊങ്കലിന് അവര്‍ മാലയിട്ട് വെക്കുന്ന ആ വാള്‍ തന്നെ ആണ് . അത് കുറിക്കുന്നത് ആ ഭൂമിയില്‍ അവരുടെ അവകാശത്തിന്റെ ആദിമ ഗോത്ര അടയാളമാണ്. അത് നമ്മുടെ എല്ലാവരുടേയും ഗോത്ര ചരിത്രവുമാണ്.
അമൃത ടി. സുരേഷ്: പുറമ്പോക്കില്‍ നിന്നും കിട്ടുന്നത് പോലും മുതലാളിക്ക് കാഴ്ചവെക്കുന്ന, അവരുടെ വീട്ടുപടി കയറാത്ത വിധേയനാണ് ബേബി. ബേസിലാവട്ടെ അവരുടെ വീടിനുള്ളിലേക്ക് കയറുന്നുണ്ട്. രണ്ട് തലമുറയുടെ കാഴ്ചപ്പാടിലെ വ്യത്യാസമാണ് ഇവിടെ കാണുന്നത്. എന്നാല്‍ വംശീയതയുടെ ഒരു തലവും പറഞ്ഞു വെക്കുന്നുണ്ട് . എഴുത്തില്‍ ജാതി രാഷ്ട്രീയത്തിന്റെ സങ്കീര്‍ണത ആശങ്ക ഉണ്ടാക്കിയിരുന്നോ?
രഞ്ജന്‍ പ്രമോദ്: മെറിന്റെ കല്യാണ നിശ്ചയം നടക്കുന്ന സന്ദര്‍ഭത്തില്‍ അവളുടെ ദുഖസത്യത്തിലേക്കാണ് സിനിമ തുടങ്ങുന്നത് . മെറിന്റെ കയ്യില്‍ കിട്ടിയ അടിയുടെ പാട് അമ്മ ഷോള്‍ കൊണ്ട് മറക്കുന്നതാണ് അവിടെ നമ്മള്‍ കാണുന്ന ഏറ്റവും ഭയാനകമായ രംഗം. എന്നാല്‍ തുടക്കത്തില്‍ തന്നെ കാണുന്ന ആ രംഗം പ്രേക്ഷകര്‍ക്ക് അത്ര ഭയാനക വയലന്‍സായി തോന്നുമോ എന്ന് സംശയമാണ്. കാരണം അത് നമുക്ക് നിത്യ സാധാരണമായ ഒരു കാര്യമാണ്.
മിക്കവാറും വീടുകളിലെല്ലാം ആ അടിയുടെ വിരലടയാളം ഉണ്ട്. അതിനെയാണ് ഇവിടെ പ്രധാനാമായും അഡ്രസ് ചെയ്യുന്നതും.
എന്റെ ജീവിതം എനിക്ക് അവകാശപ്പെട്ടതാണെന്ന് ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യം എത്ര പേര്‍ക്കുണ്ട്.
അപ്പോള്‍ പ്രത്യേകിച്ച് ജാതീയമായ അടിമത്തത്തെ പറ്റി വളരെ ഉച്ചത്തില്‍ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. എന്നിരുന്നാലും ജാതീയത അവിടെ ഉണ്ട് . ബേബിയുടെ കുടുംബം മലയാളിയായി മൊഴി മാറിയ തമിഴരാണ് എന്ന് കൂടെ സൂചിപ്പിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് കേരളമായി മറിയ ആദി തമിഴകത്തെ ആദിമ ഗോത്ര ജീവിതത്തെ ആണ് ഇതില്‍ അടയാളപ്പെടുത്തിയത്.
പശ്ചിമഘട്ടം പശ്ചാത്തലമായെടുക്കുമ്പോള്‍ അതില്‍ ഈ ഗോത്ര ചരിത്രം അന്തര്‍ലീനമായി കിടക്കുന്നുണ്ട്. അത് പറയാതെ ആ മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ പറ്റില്ല. ആനക്കൊമ്പ് വച്ച ഇരിപ്പിടത്തിന് അടിയിലാണ് പാപ്പി മുതലാളി തോട്ടത്തിന്റെ അവകാശ രേഖകള്‍ ഒളിച്ചു വെച്ചിരിക്കുന്നത്. ആ ആനക്കൊമ്പിന്റെ കഥ ഈ മണ്ണിന്റെ കഥയാണ്.
കാലങ്ങള്‍ മാറിയപ്പോളും ഈ അടിച്ചമര്‍ത്തലിന്റെ പുതിയ മാനങ്ങളിലുള്ള കഥകള്‍ നമ്മുടെയെല്ലാം വീടുകളില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. മെറിന്‍ന്റെ കഥ അതാണ് പറയുന്നത് . മെറിന്‍ന്റെ ദുരവസ്ഥക്ക് എത്രമാത്രം ആഴത്തിലിറങ്ങിയ വേരുകള്‍ ഉണ്ട് എന്നാണ് പാപ്പി മുതലാളിയും ബേബിയും തമ്മിലുള്ള ബന്ധത്തില്‍ കാണുന്നത്.
അമൃത ടി. സുരേഷ്: 0.ബേബി കാണുമ്പോള്‍ രഞ്ജന്‍ പ്രമോദിന്റെ അപ്ഡേഷനെ പറ്റി അത്ഭുതം തോന്നും. കൗമാര പ്രണയം, ജാതിക്കും മതത്തിനുമതീതമായി ചിന്തിക്കുന്ന 2k കിഡ്സിന്റെ ചിന്തകളിലൂടെ എങ്ങനെയാണ് കടന്നുപോയത്?
രഞ്ജന്‍ പ്രമോദ്: എനിക്ക് മക്കള്‍ ഉണ്ടാകുന്നതും 2kയില്‍ ആണ്. അവര് ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ശരിയായ മറുപടി കൊടുക്കണ്ടേ ! പിന്നെ അവരോട് പിടിച്ചു നില്‍ക്കണ്ടേ അപ്‌ഡേറ്റ് ആവാതെ തരമില്ലല്ലോ. ഞാനും ജെസ്സിയും മക്കളെ കൂട്ടുകാരെ പോലെയാണ് കണക്കാക്കിയത്. അവര്‍ എല്ലാം തുറന്ന് സംസാരിക്കുന്നവരാണ്. പല കാര്യത്തിലും നമ്മുടെ നിലപാടുകളെ തുറന്നു ചോദ്യം ചെയ്യുന്നവരുമാവും.
മക്കള്‍ക്ക് കൂച്ചുവിലങ്ങാടാതിരുന്നാല്‍ അവരോടൊപ്പം സന്തോഷപൂര്‍വം പുതിയ ലോകത്തേക്ക് സഞ്ചരിക്കാനാവും. നമ്മുടെ മുകളില്‍ നില്‍ക്കുന്ന അധികാര കേന്ദ്രം അത് മാതാപിതാക്കളോ അധ്യാപകരോ ആരോ ആവട്ടെ അവരുടെ മേല്‍ മനുഷ്യത്വരഹിതമായി അധികാരം പ്രയോഗിക്കുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഉള്ള എല്ലാവരെയും ആണ് ബേബിയും മെറിനും റെപ്രസെന്റ് ചെയ്യുന്നത്. ആ അധികാര വ്യവസ്ഥ ഈ ഒരു ഏലക്കാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല.
അമൃത ടി. സുരേഷ്: ചിത്രത്തിനായി ദിലീഷ് പോത്തന്‍ വലിയ എഫേര്‍ട്ടാണ് എടുത്തത്? അതിന് പിന്നില്‍ രഞ്ജന്‍ പ്രമോദിന്റെ നിര്‍ദേശങ്ങളുണ്ടായിരുന്നോ?
രഞ്ജന്‍ പ്രമോദ്: നിര്‍ദ്ദേശം ശരീരം ഫിറ്റായി ഇരിക്കുക എന്നതായിരുന്നു. സിക്‌സ് പായ്ക്ക് ബോഡി അല്ല ഉദ്ദേശിച്ചത്. അധ്വാനിക്കുന്ന മനുഷ്യന്റെ ശരീരമായിരിക്കണം. മല കയറിയിറങ്ങി ഓടി നടക്കുന്നയാള്‍ നല്ല ആരോഗ്യവാനായിരുക്കും, കരുത്തനുമാണ് . ആ പ്രിപ്പറേഷന്‍ നിര്‍ദേശപ്രകാരം ചെയ്തിരിക്കുന്നതാണ്. മൂന്നു മാസത്തോളം കഠിനമായി വര്‍ക്ക് ഔട്ട് ചെയ്താണ് ദിലീഷ് ബേബിക്കായി ഒരുങ്ങിയത്. ബോഡി ഫിറ്റ്നസ് മാറുമ്പോള്‍ തന്നെ ബോഡി ലാംഗ്വേജ് മാറും നമ്മള്‍ മുന്നേ കണ്ടിട്ടില്ലാത്ത ഒരു ദിലീഷ് പോത്തനെ ഈ സിനിമയില്‍ കിട്ടാന്‍ അത് സഹായിച്ചു.
അമൃത ടി. സുരേഷ്: ചിത്രത്തില്‍ ദിലീഷ് പോത്തനൊഴികെ മറ്റ് അഭിനേതാക്കള്‍ അധികം പരിചയമില്ലാത്തവരാണ്. ദേവദത്ത്, ഹാനിയ നഫീസ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു? കാസ്റ്റിങ് എങ്ങനെയായിരുന്നു. ദിലീഷ് പോത്തന്‍ ഫസ്റ്റ് ചോയ്സായിരുന്നോ?
രഞ്ജന്‍ പ്രമോദ്: കഥ ചിന്തിക്കുന്നതിനും മുന്നേ തന്നെ ഈ സിനിമയില്‍ പങ്കാളിയാണ് ദിലീഷ് പോത്തന്‍ . കഥയിലേക്ക് കടക്കുമ്പോള്‍ തന്നെ ദിലീഷ് പോത്തനു പറ്റിയ കഥാപാത്രം ആയിരിക്കണം ഉണ്ടാവുന്നത് എന്ന വിചാരത്തോടെ ആണ് ഞാന്‍ ഇരുന്നത്. ഷൂട്ടിങ്ങിന് ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടുമുള്ള പ്രദേശത്താണ് ഇത് ഷൂട്ട് ചെയ്യുന്നത്.
മറ്റു വേഷങ്ങളിലേക്ക് ബിസിയായിരിക്കുന്ന ആക്ടേഴ്സിനെ കൊണ്ടുവന്നാല്‍ ഈ സിനിമ എക്സിക്യൂട്ട് ചെയ്യാന്‍ പ്രയാസമായേക്കും എന്നും തോന്നിയിരുന്നു .കാസ്റ്റിംഗ് കാള്‍ ഒന്നും ഇട്ടില്ല . അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണമണിയും വിഷ്ണു ഗോവിന്ദും തിരഞ്ഞു കണ്ടെത്തിയ ഓപഷനില്‍ നിന്നും ഫോട്ടോ കണ്ട് സെലക്ട് ചെയ്തതിനു ശേഷം ആവശ്യമുള്ളവരെ മാത്രമേ വിളിച്ചു കണ്ടിട്ടുള്ളൂ.
സ്‌ക്രീന്‍ ടെസ്റ്റും ഇല്ലായിരുന്നു. സിനിമക്ക് മുന്നേ നാടകവേദിയില്‍ പ്രശസ്തനാണ് പാപ്പി വല്യപ്പന്‍ ആയ ഗോപാലകൃഷ്ണന്‍, വേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുട്ടച്ചനായ രഘുനാഥ് പാലേരിയും ആദ്യമായല്ല. സ്റ്റാന്‍ലിയെ അവതരിപ്പിച്ച വിഷ്ണു അഗസ്ത്യ youtube മിനി സീരീസ്സില്‍ അതിനു മുന്നേ അഭിനയിച്ചിട്ടുണ്ട് .പക്ഷെ ഞാന്‍ അത് കണ്ടിട്ടില്ല.
ഫോട്ടോ പോലും കാണാതെ വിഷ്ണുവിനെ നേരിട്ട് കാണുകയായിരുന്നു. ജോമോനെ അവതരിപ്പിക്കുന്ന സജി സോമന്റെ ഒരു ഫോട്ടോ കിട്ടുന്നത് ഫേസ്ബുക്കില്‍ നിന്നായിരുന്നു. മിനി കാഴ്ചയില്‍ എങ്ങനെയിരിക്കും അവളുടെ മുടിയെ പറ്റി, മുഖത്തെ പറ്റി, കണ്ണട വയ്ക്കുന്ന ഒരു കുട്ടിയാണ്, എന്നൊക്കെയുള്ള ഒരു രൂപം അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനു നല്‍കിയിരുന്നു. അത് പ്രകാരം അവര്‍ തിരഞ്ഞു ഹാനിയയില്‍ എത്തി.
ബേസില്‍നായി ഒരു വലിയ അന്വേഷണം തന്നെ നടത്തിയിട്ടുണ്ട്. ആ കുടുംബത്തിലെ മറ്റു കഥാപാത്രങ്ങളെ കണ്ടെത്തുന്നതും ശ്രമകരമായിരുന്നു. നാടക രംഗത്തുള്ളവരെയോ നേരത്തെ അഭിനയിച്ചവരെയോയൊക്കെ ആണ് ആഗ്രഹിച്ചത്. ഒടുവില്‍ ബേസില്‍ ആയ ദേവദത്ത് അഭിനയത്തെ പറ്റി ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. അവന്‍ കളരിപ്പയറ്റു ആര്‍ട്ടിസ്റ്റ് ആണ്. സിനിമയില്‍ വരണം എന്ന് ആഗ്രഹിച്ചിട്ട് പോലും ഇല്ലായിരുന്നു. ബേബിയുടെ അമ്മയായി അഭിനയിച്ച ഷീല ശശി നാടകത്തിലും സിനിമയിലും സീരിയലും അഭിനയിച്ച നടിയാണ്.മുത്തശ്ശിയും ബേബിയുടെ കുട്ടികളും ആദ്യമായിട്ടാണ്.
സുജ എന്ന കഥാപാത്രത്തിനായി ഓപ്ഷന്‍സ് കുറവായിരുന്നു. കാരണം ഇപ്പോള്‍ മിക്കവാറും എല്ലാവരും ബ്യൂട്ടിപാര്‍ലറില്‍ പോകുന്നുണ്ട്. മുഖവും മുടിയും ഒന്നും ഒറിജിനല്‍ ലുക്ക് അല്ല. കാണാന്‍ റോ ലുക്കുള്ള, അഭിനയിച്ച് പരിചയമുള്ള ഒരാളെ ആയിരുന്നു വേണ്ടത്. അങ്ങനെ ഷിനു ശ്യാമളനെ കാസ്റ്റ് ചെയ്തു. അവരും ഇതിനു മുന്നേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
കണ്ണന്‍ തേവന്‍ എന്ന 100 വയസ്സായ ആദിഗോത്ര പ്രതിനിധി മലയാളം പറയുന്ന തമിഴന്‍ ആയിരിക്കണം. ആ കാസ്റ്റിംഗ് ആയിരുന്നു ശരിക്കും പണി ആയത്. അഭിനയിച്ചു പരിചയമുള്ള ഒരാളെ വിഷ്ണുവിന്റെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന് ആരോഗ്യ കാരണം കൊണ്ട് അവസാന നിമിഷം പിന്മാറേണ്ടി വന്നു. ഇപ്പോള്‍ പടത്തില്‍ ഉള്ള കണ്ണന്‍ തേവന്‍ ആദ്യമായിട്ടാണ് ക്യാമറയും ഷൂട്ടിങ്ങുമെല്ലാം കാണുന്നത്.
അമൃത ടി. സുരേഷ്: നേരത്തെ ഫെമിനിസത്തിന് എതിരാണെന്നും അതൊരു പൊളിറ്റിക്കല്‍ മൂവ്മെന്റല്ലെന്നും പറഞ്ഞു. എന്നാല്‍ ഒ. ബേബിയില്‍ താങ്കള്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീയാണെന്ന കാരണത്താല്‍ അവര്‍ എവിടെയും പിന്‍വലിയുന്നില്ല. ഇതില്‍ ഒരു വൈരുദ്ധ്യമില്ലേ?
രഞ്ജന്‍ പ്രമോദ്: സ്ത്രീകളുടെ എതിരല്ല ഞാന്‍. ഫെമിനിസത്തിനോടാണ് വിയോജിപ്പ് പറഞ്ഞത്. അടിമത്തം അനുഭവിക്കുന്ന സ്ത്രീകള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും തന്നെയും സ്വത്വത്തെ പറ്റി സ്വയം ഒരു തിരിച്ചറിവാണ് ആവശ്യം. അടിമയല്ല എന്ന് ബേബി സ്വയം തീരുമാനിക്കുന്ന മൊമെന്റില്‍ മാത്രമേ അയാള്‍ അടിമ അല്ലാതാവുന്നുള്ളൂ. കുടുംബത്തിലെ അടിച്ചമര്‍ത്തല്‍ എന്ന വയലന്‍സിനെ ക്രൈമിനെ മാതാപിതാക്കളുടെ മുഖത്ത് നോക്കി മിനി ചോദ്യം ചെയ്യുന്നു.
എനിക്ക് തുല്യതയില്ലെന്ന് നമ്മള്‍ ആരോടാണ് കരയുന്നത്, ആരാണ് തുല്യത തരേണ്ടത്. തുല്യത ഓരോരുത്തര്‍ക്കും ജന്മാവകാശമാണ്. മറ്റൊരാള്‍ അംഗീകരിച്ചു തന്നിട്ടല്ല, അത് നമ്മള്‍ സ്വയം തെരഞ്ഞെടുക്കണം.
അമൃത ടി. സുരേഷ്: അതില്‍ ചുറ്റുമുള്ള സമൂഹത്തിനും പങ്കില്ലേ?
രഞ്ജന്‍ പ്രമോദ്: സമൂഹത്തിന് എല്ലാത്തിലും പങ്കുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുന്നതില്‍ ഭേദഭാവം കാണിക്കുന്നവരും അതിനു ഇരകളായ സ്ത്രീകളും എല്ലാം ഉണ്ട്. അതുപോലെ തന്നെ ആണ്‍കുട്ടികളും പലവിധത്തിലും പീഡിപ്പിക്കപെടുന്നുണ്ട്. ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ കുട്ടികളെ സ്വതന്ത്രരായി വളര്‍ത്തുക. ഏറ്റവും പുതിയ നമ്മുടെ തലമുറ ഇക്കാര്യത്തില്‍ നല്ല കഴ്ച്ചപ്പാടുള്ളവരാണ്.
0.ബേബി അവസാനിക്കുമ്പോള്‍ ആ പ്രത്യാശയാണ് പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ നിയമ സംവിധാനങ്ങളിലും സാമൂഹ്യ വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും എല്ലാം പോരയ്കകള്‍ ഉണ്ട്. എന്നൊക്കെ ആകുമ്പോളും സ്വതന്ത്രരാവുക എന്നത് ഓരോരുത്തരും സ്വയം എടുക്കേണ്ട തീരുമാനമാണ്. നമ്മളെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കും എല്ലാ അവകാശവും ഉണ്ട് എന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് ജീവിതം മനോഹരമാകുന്നത് എന്നാണ് എന്റെ അഭിപ്രായം
അമൃത ടി. സുരേഷ്: നേരത്തെ കൊടുത്ത അഭിമുഖങ്ങളില്‍ കേരളത്തിന്റെ മതേതരത്വത്തെ പറ്റി സംസാരിച്ചിരുന്നു. എന്നാല്‍ അടുത്ത കാലങ്ങളില്‍ മതമേലധ്യക്ഷന്മാര്‍ തന്നെ ചേരിതിരിവുകളുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് കാണാം. ഒരു വിഭാഗത്തെ അപരവല്‍കരിക്കുന്ന തരത്തിലേക്ക് വരെ അത് പോകുന്നു. കേരളത്തിന്റെ മതേതരത്വത്തില്‍ ഒരു വലിയ വിള്ളല്‍ ഇപ്പോള്‍ പ്രകടമായി കാണുന്നില്ലേ?
രഞ്ജന്‍ പ്രമോദ്: ദൈവവും വിശ്വാസങ്ങളും എല്ലാം ഒരാളുടെ സ്വകാര്യമായ വിഷയമാണ്. അതില്‍ യാതൊരു തരത്തിലുമുള്ള പ്രകടനപരതയുടെയും ആവശ്യമില്ല. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോഴാണ് പലതരം പ്രകടനങ്ങളും വേണ്ടിവരുന്നത്.
മതഗ്രന്ഥങ്ങളില്‍ മനുഷ്യരെ നന്മയിലേക്ക് നയിക്കുന്ന കാര്യങ്ങളുണ്ട്. അത് മനുഷ്യരെ വിഭജിക്കാനായി ഉപയോഗിക്കുന്നത് ജനാധിപത്യ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. രണ്ട് മുട്ടനാടിനെ കൂട്ടിയിടിപ്പിക്കുന്നത് അതിന്റെ ചോര കുടിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്ന കുറുക്കന്റെ ആവശ്യമാണ്. പറഞ്ഞിട്ടെന്താ കാര്യം ,സ്വയം ചിന്തിക്കാന്‍ തയാറാവുന്നവര്‍ക്ക് മാത്രമല്ലേ തിരിച്ചറിവ് ഉണ്ടാവൂ.
അമൃത ടി. സുരേഷ്: താങ്കളുടെ സിനിമകളില്‍ ഏറെ സെലിബ്രേറ്റ് ചെയ്യപ്പെട്ട സിനിമയാണ് മീശമാധവന്‍. അതിലെ റേപ്പ് ജോക്കിനെതിരെ പൊളിറ്റിക്കല്‍ കറക്ട്നെസിനെ പറ്റി ചര്‍ച്ചകളുയര്‍ന്നപ്പോള്‍ വിമര്‍ശനം വന്നിരുന്നു? ഇപ്പോള്‍ ആ രംഗത്തെ എങ്ങനെയാണ് നോക്കികാണുന്നത്?
രഞ്ജന്‍ പ്രമോദ്: അത് ഞാന്‍ എഴുതിയതല്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു ഇമ്പ്രോവൈസേഷന്‍ ഉണ്ടായപ്പോള്‍ ഞങ്ങള്‍ തമ്മില്‍ കുറെ വാഗ്വാദവും, ശരിക്കും പറഞ്ഞാല്‍ നല്ല വഴക്കും ഉണ്ടായി. എനിക്കത് അന്നും ഇഷ്ടമല്ല ഇന്നും ഇഷ്ടമല്ല. അന്ന് പൊളിറ്റിക്കല്‍ കറക്റ്റ്നെസിനെ പറ്റി ചിന്തിച്ചത് കൊണ്ടല്ല, റേപ്പിനെ കോമഡിയാക്കുന്നത് ശരിയല്ല എന്നോ ഒന്നുമല്ല എന്റെ പ്രശ്‌നം.
മാധവന്‍ അങ്ങനെ പറയുമ്പോള്‍ ആ കഥാപാത്രത്തിന് എന്തുമാത്രം മാനസിക വൈകൃതം ഉണ്ടാകുന്നു എന്നാണ് ഞാന്‍ ചിന്തിച്ചത്. ആ നായകന്‍ പിന്നീട് പ്രേമിക്കനിരിക്കുന്നവളേ നോക്കിയാണ് അങ്ങനെ ചിന്തിക്കുന്നത്. അത് എനിക്ക് ഒട്ടും അംഗീകരിക്കാനായില്ല എന്നതാണ് കാര്യം. എന്നാല്‍ അതിന് തിയേറ്ററില്‍ ചിരി കിട്ടും തിയേറ്ററില്‍ ചിരിഉണ്ടാക്കുന്ന ഒരു സംഗതിയും കളയാന്‍ പറ്റില്ല എന്ന തീരുമാനത്തിലേക്ക് ആണ് അന്ന് സംവിധായകനും നായകനും എത്തിയത്. എന്റെ ഇഷ്ടമില്ലാതെയാണ് അത് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അതിന് അവര്‍ കരുതിയത് പോലെ തന്നെ തിയേറ്ററില്‍ ചിരിയും ഉണ്ടായി. മറ്റാരും അന്ന് അതില്‍ കുറ്റം കണ്ടില്ലായിരുന്നു.
അമൃത ടി. സുരേഷ്: സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഒന്നും അറിയാറില്ലേ? പുരുഷു എന്നേ അനുഗ്രഹിക്കണം എന്ന ഡയലോഗ് ജഗതി ശ്രീകുമാര്‍ കയ്യില്‍ നിന്ന് ഇട്ടതാണോ ?
രഞ്ജന്‍ പ്രമോദ്: സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് അല്ല. പല ചര്‍ച്ചകളും ഞാന്‍ അറിയാറില്ല. അനുഗ്രഹത്തിന്റെ കാര്യം സിനിമ കണ്ടു ഒന്ന് ചിന്തിച്ചാല്‍ തന്നെ മനസ്സിലാവുമല്ലോ . അതിനു ഒരു മറുപടി പറയണ്ടതുണ്ടോ . എന്താണ് പുരുഷുവിന്റെ അനുഗ്രഹമായി പിള്ളക്ക് കിട്ടിയത് ! പിള്ളയുടെ പെടലിയില്‍ കിട്ടിയ ആ കോളര്‍ പട്ടയല്ലേ. പുരുഷുവിന്റെ അനുഗ്രഹത്തിന്റെ ചിരി അതിനെ തുടര്‍ന്നുള്ള ലൈന്‍ മാന്‍ ലോനപ്പന്റെ സീനില്‍ അല്ലെ വരുന്നത്. അതുകൂടതെ വേറെ ഇടങ്ങളിലും അതിന്റെ റഫറന്‍സ് വരുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ അത് ആ സീനിലെ ജഗതി ചേട്ടന്റെ ഇമ്പ്രോവൈസേഷന്‍ എങ്ങനെ ആവും.
മുട്ടില്‍ ഇഴഞ്ഞു അറിയാതെ കാലില്‍ പിടിക്കുന്നതാണ് സീന്‍ അവിടെ വരെ എഴുതാമെങ്കില്‍ പിന്നെ പുരുഷു എന്നേ അനുഗ്രഹിക്കണം എന്ന് എഴുതില്ലേ. അതുപോലെ മുകുന്ദനുണ്ണി ജസ്റ്റ് റിമെംബര്‍ ദാറ്റ് എന്ന് പറഞ്ഞു സോഡാ പൊട്ടിച്ചത് ടേക്ക് എടുത്തപ്പോഴാണ് സംവിധായകന്‍ പോലും അറിഞ്ഞത് എന്നും മറ്റുമുള്ള കോമഡിയും ആരോ പറഞ്ഞു കേട്ടു.
ആ സോഡാക്കുപ്പി നടന്‍ ഹോട്ടല്‍ റൂമില്‍ നിന്ന് വരുമ്പോള്‍ തന്നെ കൊണ്ടുവന്ന് ആരോടും പറയാതെ ഒളിപ്പിച്ചു വച്ച് സംവിധായകനെ അങ്ങനെ അമ്പരപ്പിക്കാമോ? ആര്‍ക്കും സീനില്‍ തോന്നുന്നതൊക്കെ ചെയ്യാമോ? മുകുന്ദനുണ്ണി പറഞ്ഞ ആ മാസ്സ് ഡയലോഗ് എഴുതിയത്, ഷൂട്ടിനായി ലൊക്കേഷനില്‍ വെച്ച് ഫൈനല്‍ കോപ്പി എടുക്കും മുന്നേ വായിച്ചപ്പോള്‍ ജസ്റ്റ് റിമംബര്‍ ദാറ്റ് എന്ന് പറഞ്ഞു സോഡാ പൊട്ടിക്കല്‍ സജസ്റ്റ് ചെയ്തത് അസോസിയറ്റ് ഡയറക്ടര്‍ ആയിരുന്ന രതീഷ് അമ്പാട്ട് ആണ്. സംവിധായകന്‍ അറിയാതെ ഒരു സോഡാക്കുപ്പിയും സീനില്‍ വരില്ല. വരരുതല്ലോ, ആരാണാവോ ഈജാതി യമണ്ടന്‍ കഥകളെല്ലാം പടച്ചു വിടുന്നത്