മുസ്‌ലിം ചെറുപ്പക്കാര്‍ മുഴുവന്‍ ഇതര മതത്തില്‍പെട്ട പെണ്‍കുട്ടികളെ പ്രേമിച്ച് മതംമാറ്റി സിറിയയിലേക്ക് ആട് മേയ്ക്കാന്‍ കൊണ്ടുപോകുന്നു എന്ന് പറയുന്നത് ശുദ്ധവിഡ്ഢിത്തരമാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അങ്ങനെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല പ്രണയമെന്നും ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയവും വിശ്വാസവും തോന്നുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പെണ്‍കുട്ടികളൊക്കെ അത്രയും മണ്ടികളാണോ എന്നും അദ്ദേഹം ചോദിച്ചു.
‘ഒരാളെ മതം മാറ്റണമെങ്കില്‍ എന്തിനാണ് പ്രേമിക്കുന്നത്. ഒരു കൂട്ടുകാരനോ, കൂട്ടുകാരിയോ ഉണ്ടായാല്‍ പോരെ. അല്ലെങ്കില്‍ എന്തൊരു മണ്ടിയായിരിക്കണം ആ കുട്ടി, ഇത് തിരിച്ചറിയാതെ അതിനകത്ത് പെട്ട് പോയിട്ടുണ്ടെങ്കില്‍. അബദ്ധത്തില്‍ പെട്ട് പോകുന്ന കേസുകളുണ്ട്. എന്നാല്‍ ഇത് വലിയൊരു പൊളിറ്റിക്കല്‍ അജണ്ടയായി, ഇനി മുതല്‍ നാട്ടിലുള്ള കുറെ പെണ്‍കുട്ടികളെ പ്രേമിച്ച് മതംമാറ്റാന്‍ വേണ്ടി കുറെ ആളുകളെ ഇറക്കി വിട്ടു എന്നൊക്കെ പറയുന്നത് വിഡ്ഢിത്തരമാണ്.
അതൊന്നും നടക്കില്ല. എന്താ ഈ പെണ്‍കുട്ടികള്‍ക്കാര്‍ക്കും വിവരമില്ലേ, അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെയൊന്നും നമുക്ക് വിശ്വാസമില്ലേ, അവരെന്താ മണ്ടന്‍മാരോ മണ്ടികളോ ആണോ, പ്രേമമാണോ മറ്റെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയാനുള്ള ഒരു കഴിവ് അവര്‍ക്കില്ലേ.
അങ്ങനെയൊരു അബദ്ധത്തില്‍ മക്കള്‍ പെട്ടുപോകാതിരിക്കണമെങ്കില്‍ മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ തന്നെ ഇത്തരം വിവരങ്ങള്‍ മക്കള്‍ക്ക് കൊടുക്കേണ്ടതുണ്ട്. അവര്‍ക്ക് അത്തരം സ്വാതന്ത്ര്യം നല്‍കാത്തത് കൊണ്ടല്ലേ അവര്‍ ചതിക്കപ്പെടുന്നത്. അങ്ങനെയൊരു കാര്യം ഒരു സിനിമയില്‍ വന്നു എന്നത് കൊണ്ട് മൂന്ന് മണ്ടന്‍മാര്‍ക്ക് അത് ഉപകാരപ്പെട്ടിരിക്കാം. ഈ ജാതി മണ്ടത്തരത്തില്‍ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്കും മനസിലായിക്കാണു.
പക്ഷെ, ഇവിടുത്തെ മുസ്‌ലിം ചെറുപ്പക്കാര്‍ മുഴുവന്‍ ഇവിടുത്തെ ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയിലേക്ക് ആട് മേയ്ക്കാന്‍ കൊണ്ടുപോകുന്നു എന്നുള്ള ശുദ്ധ വിഡ്ഢിത്തരമാണ്. അങ്ങനെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല പ്രണയം. ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയവും വിശ്വാസവും തോന്നുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിക്ക് ഒരു ആണ്‍കുട്ടിയോട് വിശ്വാസം തോന്നുക എന്നത്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
content highlights; Ranjan Pramod about The Kerala story