| Saturday, 3rd June 2023, 11:51 pm

കേരള സ്‌റ്റോറി പോലെ ഒരു സിനിമ ചെയ്യുന്നതില്‍ കുഴപ്പമില്ല, പക്ഷേ വെളിവുള്ള ആരും അത് വിശ്വസിക്കില്ല: രഞ്ജന്‍ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള സ്‌റ്റോറി പോലെ ഒരു സിനിമ ചെയ്യുന്നത് സംവിധായകന്റെ സ്വാതന്ത്ര്യമാണെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. എന്നാല്‍ അതിലെ ആശയം വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പറഞ്ഞു.

‘എനിക്ക് അതില്‍ ഒരു കുഴപ്പവും തോന്നുന്നില്ല. അതിന്റെ പിന്നാലെ പോയി കൊടി പിടിക്കണമെന്ന് തോന്നുന്നില്ല. ഒരാള്‍ സിനിമ ചെയ്‌തെന്ന് പറഞ്ഞ് നമ്മുടെ കാഴ്ചപ്പാട് മാറാന്‍ പോകുന്നില്ല. കേരള സ്‌റ്റോറിയില്‍ ഒരു തീവ്രവാദിയുടെ പ്രശ്‌നമാണ് പറയുന്നത്.

ഒരു പത്തിരുപത്തഞ്ച് വയസുള്ള ആളുകള്‍ അവരുടെ സ്വാതന്ത്ര്യത്തില്‍ ഒരു മതം സ്വീകരിച്ച് പോകുന്നു. അത് അവരുടെ സ്വാതന്ത്ര്യത്തില്‍ അവര്‍ തീരുമാനിക്കുന്ന കാര്യമാണ്. അവര്‍ ചതിയില്‍ അകപ്പെടുന്നുണ്ടെങ്കില്‍ അവരുടെ കുഴപ്പമാണ്. ഇതേപോലെ ഒരുപാട് ചതികളുണ്ട്. സെക്‌സ് റാക്കറ്റുണ്ട്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നു. അങ്ങനെ ഉള്ള ഒന്നാണ് ഇത്.

ബുദ്ധിയും ബോധവുമുള്ളവര്‍ അങ്ങനെ ചിന്തിക്കുമെന്നാണ് ഞാന്‍ കണക്കാക്കുന്നത്. കുറേ ആളുകളെ പ്രേമിച്ച് വളച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോവുന്നത് പൊളിറ്റിക്കല്‍ അജണ്ടയായി ആരെങ്കിലും ചെയ്യുന്നുണ്ടെന്ന് പറഞ്ഞാല്‍ വെളിവുള്ള ആരെങ്കിലും അങ്ങനെ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു സിനിമ വരുന്നുണ്ടെങ്കില്‍ അത് അയാളുടെ അഭിപ്രായമാണ്.

ഒരു സിനിമ പോലെ കണ്ടാല്‍ മതി. അതില്‍ ഏസ്‌തെറ്റിക്ക് ഉണ്ടെങ്കില്‍ ആസ്വദിക്കും. ഇല്ലെങ്കില്‍ തള്ളിക്കളയുക. ഒരു ഡിബേറ്റ് മുന്നോട്ട് വെക്കാനാണെങ്കില്‍ എന്തിനാണ് സിനിമ ചെയ്യുന്നത്. അതിന് ഒരുപാട് മീഡിയയുണ്ട്. ഒരു സിനിമയില്‍ ഏസ്‌തെറ്റിക്‌സ് ഉണ്ടോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. പൊളിറ്റിക്‌സ് ഇല്ലാതെ ഒരു സിനിമയും നമുക്ക് ചെയ്യാന്‍ പറ്റില്ല. എന്റെ സിനിമയിലും പൊളിറ്റിക്ക്‌സ് ഉണ്ട്. പൊളിറ്റിക്‌സ് ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല. നമ്മുടെ മൗനത്തില്‍ പോലും വാചാലതയും രാഷ്ട്രീയവും ഉണ്ട്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

Content Highlight: ranjan pramod about the kerala story

We use cookies to give you the best possible experience. Learn more