| Tuesday, 18th July 2023, 4:24 pm

ഞാന്‍ സോഷ്യല്‍ മീഡിയ പൊതുവെ നോക്കാറില്ല; കമന്റുകള്‍ അലോസരപ്പെടുത്താറുമില്ല: രഞ്ജന്‍ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സോഷ്യല്‍ മീഡിയ പൊതുവെ ഉപയോഗിക്കാത്തൊരാളെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ തന്നെ അലോസരപ്പെടുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്നില്‍ വന്ന് തനിക്ക് ഇഷ്ടമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നതെങ്കില്‍ താന്‍ അതിനനുസരിച്ച് പ്രതികരിക്കുമെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സോഷ്യല്‍ മീഡിയ അങ്ങനെ കാണാറില്ല. അതുകൊണ്ട് ഒന്നും എന്നെ അലോസരപ്പെടുത്താറില്ല. എന്നെ കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു എന്നത് നിങ്ങളുടെ പ്രശ്‌നമാണ്. അതെന്നെ അലോസരപ്പെടുത്തുന്നില്ല. നിങ്ങളുടെ മനസില്‍ കൊണ്ടു നടക്കുകയാണത്. ഞാന്‍ അറിഞ്ഞാലല്ലേ എനിക്ക് പ്രശ്‌നമുള്ളൂ.

എന്റെ മുന്നില്‍ വന്ന് എനിക്ക് ഇഷ്ടമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നതെങ്കില്‍ ഞാന്‍ അതിനനുസരിച്ച് പ്രതികരിക്കും. അത്രയേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.

രഞ്ജന്‍ പ്രമോദ് അണ്ടര്‍റേറ്റഡാണെന്ന് വരുന്ന കമന്റുകളെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ടെലിഗ്രാമില്‍ സിനിമ കാണുന്നത് കുറ്റകൃത്യമാണെന്ന് ആരും മനസിലാക്കുന്നില്ലെന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു. നമ്മള്‍ ചെയ്യുന്ന ഓരാ ക്രൈമും കുറ്റകൃത്യമാണെന്ന് മനസിലാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ ഓരോ ക്രൈമും ക്രൈമാണെന്ന് മനസിലാക്കുന്നില്ല. ടെലിഗ്രാമില്‍ സിനിമ കാണുന്നത് ക്രൈമാണെന്ന് ആരും മനസിലാക്കുന്നില്ല. ടെലിഗ്രാമിന്റെ കാര്യം പോട്ടെ, വീട്ടില്‍ കുട്ടികളെ നിര്‍ബന്ധിച്ച് നമ്മുടെ ഇഷ്ടത്തിന് കീഴിപ്പെടുത്തുന്നത് ഒരു കുറ്റകൃത്യമാണെന്ന് ആരും മനസിലാക്കുന്നില്ല.

അതൊക്കെ കല്യാണം കഴിയുമ്പോള്‍ ശരിയായിക്കോളും എന്ന് പറയും. ഇത് നമ്മള്‍ എല്ലാവരും പറയുന്നതല്ലേ. അത് കുറ്റകൃത്യമാണെന്ന് അറിയാതെ വലിയ കുറ്റം ചെയ്ത് കൊണ്ടിരിക്കുന്നുവെന്നുള്ളതാണ്,’ അദ്ദേഹം പറഞ്ഞു.

ദിലീഷ് പോത്തനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഒ ബേബിക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നഫീസ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ സംജിത്ത് മുഹമ്മദാണ്. ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്.

content highlights: ranjan pramod about social media

We use cookies to give you the best possible experience. Learn more