ബ്രെയ്ന്‍വാഷ് ചെയ്ത് മതംമാറ്റുന്നതിനേക്കാള്‍ വലിയ കുറ്റമാണ് ചെറിയ കുഞ്ഞുങ്ങളെ മതപഠനകേന്ദ്രങ്ങളിലേക്ക് അയക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മദ്രസയിലും സണ്‍ഡേ സ്‌കൂളിലും അമ്പലങ്ങളിലും പറഞ്ഞയക്കുന്നതിനെ സമൂഹം സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 25 വയസ്സുള്ള ഒരാള്‍ ബ്രെയ്ന്‍വാഷ് ചെയ്യപ്പെട്ടതിന്റെ ഭാഗമായി മതംമാറുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
‘ബ്രെയന്‍വാഷ് ചെയ്ത് മതംമാറ്റുന്നു എന്ന് പറയുന്നുണ്ട്. അതിലെന്താണ് കുഴപ്പം. കാരണം വിദ്യാഭ്യാസമുള്ള, പ്രായമുള്ള ആളുകള്‍ അവരുടെ തീരുമാനമാണല്ലോ എടുക്കുന്നത്. അതിലും വലിയ ക്രൈമാണ് കുട്ടികളെ കുറി തൊടീച്ച് അമ്പലത്തിലേക്കും സണ്‍ഡേ സ്‌കൂളിലേക്കും മദ്രസകളിലേക്കും പറഞ്ഞയക്കുന്നത്. അതും ബ്രെയ്ന്‍ വാഷിങ്ങും കണ്ടീഷനിങ്ങുമല്ലേ. അതിനെ നമ്മുടെ സമൂഹം അംഗീകരിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ 25 വയസ്സുള്ള ഒരാള്‍ സ്വന്തം തീരുമാനത്തിനനുസരിച്ച് മതം മാറിയാല്‍ എന്താണ് പ്രശ്‌നം.
ഞാന്‍ മതത്തെ പ്രമോട്ട് ചെയ്യുന്ന ഒരാളല്ല. എനിക്ക് മതം വേണ്ട, മതമില്ലാത്ത സമൂഹമായിരിക്കും കുറെക്കൂടി നല്ലത് എന്ന് പറയുന്ന ആളാണ് ഞാന്‍. മതത്തിന്റെ പരിഗണനകള്‍ നമ്മുടെ ജീവതത്തില്‍ എവിടെയുമില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുണ്ടാക്കിയിട്ടുള്ള സംഗതിയാണ് മതവും മറ്റുള്ളതുമെല്ലാം. ഞാനൊരു മതത്തിന്റെ ആളല്ല. അതു കൊണ്ട് പറഞ്ഞതുമല്ല.
ഒരാള്‍ക്ക് ഒരു ഐഡിയോളജിയെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. ഇസ്‌ലാമും ഹിന്ദൂയിസവുമെല്ലാം ഓരോരോ ഐഡിയോളജികളാണ്. ബുദ്ധിയും വിവരും പ്രായവുമാകുമ്പോള്‍ അത് തെരഞ്ഞെടുക്കുന്നതില്‍ ആരുടെയെങ്കിലും ഇന്‍ഫ്‌ളൂവന്‍സുണ്ടായി എന്നത് ഒരു തെറ്റല്ല. എല്ലാ കാര്യങ്ങളും നമ്മള്‍ തെരഞ്ഞെടുക്കുന്നത് ഓരോരോ ഇന്‍ഫ്‌ളൂവന്‍സിന്റെ ഭാഗമായി തന്നെയല്ലേ,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
content highlights: Ranjan Pramod about religions and believes