| Thursday, 3rd August 2023, 4:27 pm

മലയാളത്തിലെ റിയലിസ്റ്റിക് ചിത്രം അത് മാത്രം, റിയലിസ്റ്റിക്കെന്ന പേരില്‍ വന്നത് പലതും അങ്ങനെയുള്ളതല്ല: രഞ്ജന്‍ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിയലിസമെന്നത് സിനിമയിലെ ഴോണറാണെന്നും മലയാളത്തില്‍ റിയലിസ്റ്റിക് സിനിമകള്‍ എന്ന പേരില്‍ വന്ന പല സിനിമകളും റിയലിസ്റ്റിക് അല്ലെന്നും പറയുകയാണ് സംവിധായകന്‍ രഞ്ജന്‍ പ്രമോദ്.

റിയലിസ്റ്റിക് സിനിമകള്‍ എന്ന പേരില്‍ വന്ന പല ചിത്രങ്ങളും ക്ലാസിക്കല്‍ സിനിമകളാണെന്നും കൃത്യമായ ആദിമധ്യാന്തമുള്ള ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷാധികാരി ബൈജു എന്ന ബിജു മേനോന്‍ ചിത്രമാണ് മലയാളത്തില്‍ റിയലിസം എന്ന ഴോണറിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘റിയലിസമെന്നത് ഒരു ഴോണറാണ്. റിയലിസ്റ്റിക്കാണെന്ന് പറയുന്ന പല സിനിമകളും റിയലിസ്റ്റിക് സിനിമകളല്ല. അതെല്ലാം ക്ലാസിക്കല്‍ സിനിമകളാണ്. കൃത്യമായ ആദിമധ്യാന്ത രൂപമുള്ള ക്ലാസിക്കല്‍ സിനിമകളാണ്. രക്ഷാധികാരി ബൈജു ഒരു റിയലിസ്റ്റിക് സിനിമയാണ്.

ഒരു സിനിമയാക്കാന്‍ വേണ്ടി ഒരു എഫേര്‍ട്ടും നമ്മള്‍ റിയലിസ്റ്റിക് സിനിമയില്‍ എടുക്കുന്നില്ല. അതിലൊരു കഥയില്ല, അതിനൊരു ആദിമധ്യാന്തമില്ല, അതില്‍ നാടകീയ മുഹൂര്‍ത്തങ്ങളില്ല. നമ്മള്‍ സമൂഹത്തിന് നേരെ പിടിക്കുന്ന ഒരു കണ്ണാടി. അതില്‍ നിങ്ങള്‍ക്ക് നിങ്ങളെ കാണാന്‍ സാധിക്കണം.

റിയലിസ്റ്റിക് എന്ന ഴോണറിലുള്ള സിനിമ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടാണ്. കഥാപാത്രങ്ങളായി അഭിനയിക്കുന്നവര്‍ റിയലിസ്റ്റിക്കായി, ഓര്‍ഗാനിക്കാന്‍ പെര്‍ഫോം ചെയ്യുന്നതിനെ പറ്റിയല്ല പറയുന്നത്. റിയലിസം എന്ന ഴോണറിനെ പറ്റിയാണ് പറയുന്നത്. രക്ഷാധികാരി ബൈജു മാത്രമേ റിയലിസം എന്ന ഴോണറിലുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്,’ അദ്ദേഹം പറഞ്ഞു.

ആക്ഷന്‍ ഡ്രാമ ഴോണറിലെ ഷാജി കൈലാസ് ഫോര്‍മുലയെ പറ്റിയും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു.

‘സിനിമയില്‍ എന്റെ തുടക്കകാലത്ത് സംവിധായകന്‍ ഷാജി കൈലാസിനെ പരിചയപ്പെട്ടിരുന്നു. ഓരോ ഷോട്ട് തുടങ്ങുമ്പോഴും വാക്വം ക്ലീനറിന്റെ ക്ലോസ് അപ് ഷോട്ടുകള്‍, സിഗരറ്റ് കത്തുന്നതിന്റെ ക്ലോസ് അപ്, അവിടെ ഠം എന്നൊരു ബാങ് ഒക്കെ എന്തിനാണ് കൊടുക്കുന്നത്, ഓരോ സീനും എന്തുകൊണ്ടാണ് അങ്ങനെ ഓപ്പണ്‍ ചെയ്യാന്‍ കാരണം എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു.

അപ്പോള്‍ പുള്ളി പറഞ്ഞു, മോനേ, ഒരു സീന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ ഓഡിയന്‍സിന്റെ തലക്കിട്ട് ഒരു അടി കൊടുക്കണം. അവര്‍ അവിടെ ഇരുന്നോളും. അടുത്ത സീന്‍ തുടങ്ങുമ്പോള്‍ വീണ്ടും ഒരു അടി കൊടുക്കണം. അപ്പോള്‍ മുമ്പത്തേത് ഒക്കെ മറന്നോളും എന്നാണ് വളരെ റോ ആയിട്ട് പുള്ളി പറഞ്ഞത്.

ഇത് സത്യത്തില്‍ വലിയൊരു ഫോര്‍മുലയാണ്. കാരണം നിങ്ങളുടെ മനസിനെ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ അനുവദിക്കാതെ നിങ്ങള്‍ ഓഡിയന്‍സിന്റെ തലക്കിട്ട് അടി കൊടുത്തുകൊണ്ടേയിക്കണം എന്നു പറയുന്ന ഒരു സാധനം. പുള്ളി വളരെ റോ ആയിട്ടാണ് അത് പറഞ്ഞത്.

ഡയറക്ടേഴ്സ് പല രീതിയില്‍ പല ടെക്നിക്കുകളും ഉപയോഗിക്കും. ഡ്രമാറ്റിക് ആയ് ഷോട്ടുകളും പഞ്ച് ഉള്ളതുമായ ഷോട്ടുകളാണ് പുള്ളി ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്.

നമ്മുടെ ജീവിതം എന്ന് പറഞ്ഞാല്‍ എന്നും ഒരുപോലുള്ള, പ്രത്യേകിച്ച് നാടകീയതകളൊന്നും നമുക്ക് ഫീല്‍ ചെയ്യാറില്ലാത്തതല്ലേ. എന്നാല്‍ ജീവിതം സംഭവ ബഹുലമാണ്. അത് മ്യൂസിക് ഒക്കെയിട്ട് ക്യാമറാ ആംഗിളൊക്കെ കൊണ്ട് ഇങ്ങനെയാക്കിയെടുക്കുകയാണല്ലോ,’ അദ്ദേഹം പറഞ്ഞു.

Content highlight: Ranjan Pramod about realistic movies

We use cookies to give you the best possible experience. Learn more