ലോകാസമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞ ശ്രീരാമന്റെ പേരില്‍ വെട്ടിക്കൊലകള്‍ നടക്കുമ്പോള്‍ ശ്രീരാമന് എന്ത് വിഷമമുണ്ടാകുമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. ശ്രീരാമന്‍ സമാധാനം ആഗ്രഹിക്കുന്ന ആളായിരുന്നു എന്നും എന്നാല്‍ അക്കാര്യമിപ്പോള്‍ പറഞ്ഞാല്‍ പോടാ എന്നായിരിക്കും മറുപടിയെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്തായിരുന്നോ ശ്രീരാമന്റെ സന്ദേശം അതിന് വിപരീതമായ കാര്യങ്ങളാണ് ശ്രീരാമന്റെ പേരില്‍ നടക്കുന്നത്. ഇക്കാര്യങ്ങള്‍ താന്‍ ഇപ്പോള്‍ പറഞ്ഞാല്‍ അതിന് മാര്‍ക്കറ്റില്ലെന്നും നിരന്തരം ഇത് പറഞ്ഞാല്‍ തനിക്ക് അടികിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെയോ ഹിന്ദുക്കളുടെയോ മാത്രം കാര്യമല്ലയിതെന്നും എല്ലാ ഫെനറ്റിക് മതങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത് എന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു.
‘ശ്രീരാമന്‍ വന്നിരിക്കുന്നത് എന്തിനാണ്? അണ്ണാറക്കണ്ണനില്‍ നിന്നും നിനക്ക് പഠിക്കാനുണ്ട്, അതും നിന്റെ ദൈവമാണ്, നിന്റെ ഗുരുവാണ് എന്നാണ് ശ്രീരാമന്‍ പറഞ്ഞിട്ടുള്ളത്. മരത്തിനോടും ഇലകളോടും പൂക്കളോടും പുഴുക്കളോടും താനെന്ന പോലെ നില്‍ക്കണമെന്നും ലോകാസമസ്ത സുഖിനോ ഭവന്തു എന്ന് പറയാന്‍ വന്നതാണ് ശ്രീരാമന്‍. ആ ശ്രീരാമന്റെ പേരും പറഞ്ഞ് ജയ്ശ്രീറാം വിളിച്ച് വെട്ടിക്കൊന്നാല്‍ ശ്രീരാമനെന്ത് മാത്രം വിഷമമുണ്ടാകും.
എന്തിനാണോ ആ കഥാപാത്രത്തെ കൊണ്ടുവന്നിരിക്കുന്നത്, എന്താണോ ആ കഥാപാത്രത്തിന്റെ സന്ദേശം, അതിന്റെ നേര്‍വിപരീതമാണ് നടന്നുകൊണ്ടിരിക്കുന്നത്. അത് നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല. കുറച്ചാളുകള്‍ക്കിടയില്‍ അങ്ങനെ സംഭവിക്കുകയാണ്. അവരെ അങ്ങനെ ബ്രെയ്ന്‍വാഷ് ചെയ്തിരിക്കുകയാണ്. അവരിത് പഠിക്കാനോ മനസിലാക്കാനോ നോക്കുന്നില്ല. പഠിച്ചാല്‍ മനസിലാകും കണ്ണുതുറന്നുനോക്കിയാല്‍ മനസിലാകും. കണ്ണുള്ളവര്‍ കാണട്ടെ, അല്ലാതെന്ത് പറയാനാകും. എന്തായാലും ശ്രീരാമന്‍ വാളെടുത്ത് വെട്ടുന്നതിന് താത്പര്യമുള്ള ആളല്ല.
ഞാന്‍ ഇപ്പോള്‍ പറയുന്ന ഇക്കാര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഒക്കെയാണ്. പക്ഷെ ഇതിന് മാര്‍ക്കറ്റില്ല. ഇത് പറഞ്ഞാല്‍ കാശ് കിട്ടില്ല. കാശ് കിട്ടണമെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് ഇത് ഉപയോഗിക്കാന്‍ പറ്റണം. അവരുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയോ, ബിസിനസ് താത്പര്യങ്ങള്‍ക്ക് വേണ്ടിയോ ഉപയോഗിക്കാന്‍ പറ്റണം. എന്റെ വാക്ക് എടുത്ത് നൂറ് രൂപക്ക് വില്‍ക്കുകയാണെങ്കില്‍ പത്ത് രൂപ എനിക്ക് തരും.
ഞാന്‍ ഈ പറഞ്ഞ വാക്കുകള്‍ തല്‍കാലം ഇന്ത്യയില്‍ വേണ്ട. ശ്രീരാമന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാല്‍ പോടാ എന്ന് പറയും ഇന്ന് ഇന്ത്യയില്‍. അത് അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതിന് പോപ്പുലാരിറ്റിയില്ല. ഞാന്‍ മിണ്ടാതിരുന്നാല്‍ അവര്‍ക്ക് സമാധാനമാണ്. ഞാന്‍ റെഗുലറായി ഇക്കാര്യങ്ങല്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ എനിക്ക് അടികിട്ടും. അല്ലെങ്കില്‍ ബോയ്‌ക്കോട്ടോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകും. അങ്ങനെ ബ്രെയ്ന്‍ വാഷ് ചെയ്യപ്പെട്ട ഒരു കൂട്ടമാണത്.
ശ്രീരാമന്റെ ആള്‍ക്കാരുടെ മാത്രം കാര്യമല്ലയിത്. എല്ലാ തരം ഫെനറ്റിക്‌സിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. മുസ്‌ലിങ്ങളുടെ ഇടയിലും ക്രിസ്ത്യാനികളുടെ ഇടയിലും ഈ പ്രശ്‌നങ്ങളുണ്ട്. ശ്രീരാമന്റെയോ ഹിന്ദുക്കളുടെയോ മാത്രം കാര്യമല്ലിത്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു
content highlights; Ranjan Pramod about jai sreeram