| Wednesday, 14th June 2023, 8:23 am

മമ്മൂട്ടി ചിത്രത്തിന്റെ ഓഫര്‍ സ്വീകരിച്ചില്ല, നിന്റെ റൈറ്റര്‍ അത്ര വലിയ ആളാണോയെന്ന് അദ്ദേഹം ലാല്‍ജോസിനോട് ചോദിച്ചു: രഞ്ജന്‍ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇടക്കാലത്ത് മമ്മൂട്ടിയുമായുണ്ടായ അകല്‍ച്ചയെ പറ്റി പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്. രണ്ടാം ഭാവം എന്ന ചിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ വന്ന മമ്മൂട്ടി ചിത്രം താന്‍ സ്വീകരിച്ചില്ലെന്നും അതിന് ശേഷം മമ്മൂട്ടിക്ക് തന്നോട് അകല്‍ച്ച ഉണ്ടായി എന്നും രഞ്ജന്‍ പ്രമോദ് പറഞ്ഞു. എന്നാല്‍ രണ്ടാം ഭാവത്തിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം അദ്ദേഹം തനിക്ക് കൈ തന്നുവെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പറഞ്ഞു.

‘രണ്ടാം ഭാവം നടന്നുകൊണ്ടിരിക്കുമ്പോള്‍ അഗസ്റ്റിന്‍ എന്നൊരു ആക്ടര്‍ എന്നെ സമീപിച്ചിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂക്ക നായകനാവുന്ന പടം പുള്ളി പ്രൊഡ്യൂസ് ചെയ്യുകയാണ്. അതില്‍ കഥയെഴുതാനാണ് എന്നെ വിളിച്ചത്. ആ പ്രൊജക്ട് ഞാന്‍ അക്‌സപ്റ്റ് ചെയ്തില്ല.

രണ്ടാം ഭാവം എന്ന സിനിമ കഴിഞ്ഞ് എഴുതാന്‍ ഉദ്ദേശിക്കാത്തതുകൊണ്ടാണ് അത് അക്‌സപ്റ്റ് ചെയ്യാതിരുന്നത്. പക്ഷേ അത് മമ്മൂക്കക്ക് കുറച്ച് പ്രശ്‌നമായി. മമ്മൂക്ക ഒരു സിനിമക്കായി എന്നെ സജസ്റ്റ് ചെയ്തിട്ട് അത് സ്വീകരിക്കാതായതോടെ അത്രക്കും വലിയ ആളായോ നീ എന്ന രീതിയിലായി.

എന്താടാ നിന്റെ റൈറ്റര്‍ അത്രക്ക് വലിയ ആളാണോ, പടം ഇറങ്ങിയിട്ട് അവനോട് ഡിമാന്‍ഡ് കാണിക്കാന്‍ പറ, പടം ഇറങ്ങാതെ അവന്‍ എന്ത് ഡിമാന്‍ഡാണ് കാണിക്കുന്നതെന്ന് ലാല്‍ജോസിനോട് മമ്മൂക്ക ചോദിച്ചു. എന്നാല്‍ പടം ഇറങ്ങിയിട്ട് പോയാല്‍ പോരായിരുന്നോ, അതിന് മുമ്പ് എന്തിനാ പോയതെന്ന് ലാല്‍ജോസ്‌ ചോദിച്ചു. അപ്പോള്‍ മനപ്പൂര്‍വ്വം ഞാന്‍ പറഞ്ഞത് പോലെ തന്നെയായി അത്. മമ്മൂക്കക്ക് എന്നോട് ഒരു അകല്‍ച്ചയായി.

രണ്ടാം ഭാവത്തിന്റെ പ്രിവ്യൂ നടക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോവാതെ മാറിനില്‍ക്കുകയാണ്. പ്രിവ്യൂ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. എന്നെ കണ്ടപ്പോള്‍ മമ്മൂക്ക അടുത്തേക്ക് വിളിച്ചു. എനിക്ക് കൈ തന്നിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. അതൊക്കെ കഴിഞ്ഞ് സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ കുറച്ച് മോശം റിസള്‍ട്ടായി. വലിയ ഉയരത്തില്‍ കൊണ്ടുചെന്നെത്തിച്ചിട്ട് നിലത്ത് കൊണ്ട് അടിച്ചത് പോലെയുണ്ടായിരുന്നു അത്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

ഒ. ബേബിയാണ് ഒടുവില്‍ രഞ്ജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. രഞ്ജന്‍ പ്രമോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചതും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്ത് വന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

Content Highlight: ranjan pramod about his gap between mammootty

We use cookies to give you the best possible experience. Learn more