മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം ഓ. ബേബി ആയിരുന്നു.
മനസിനക്കരെ, നരൻ, അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ ഒരുക്കിയ രഞ്ജൻ തമിഴിൽ ചെയ്യാനിരുന്ന ഒരു ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്.
അജിത്തിനെയും ജൂഹി ചൗളയേയും അഭിനേതാക്കളാക്കി താനൊരു സിനിമ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ തമിഴ് സിനിമയിൽ വന്ന ഒരു സമരം കാരണം അജിത്തും പ്രൊഡ്യൂസറും തമ്മിൽ വഴക്കായെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ അജിത് വലിയ താരമായെന്നും തങ്ങൾക്കിടയിൽ ഒരു അകൽച്ച വന്നെന്നും രഞ്ജൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഴ വര പോകത്’ ആയിരുന്നു ഞാൻ ആദ്യമായി പ്ലാൻ ചെയ്ത തമിഴ് സിനിമ. അജിത്തും ജൂഹി ചൗളയുമായിരുന്നു അതിലെ താരങ്ങൾ.
അതൊരു നീണ്ട കഥയാണ്. പക്ഷെ തമിഴ് സിനിമയിൽ ഒരു സമരം വന്നതും പ്രൊഡ്യൂസറും അജിത്തും തമ്മിൽ ഉണ്ടായിരുന്ന ഒരു വഴക്കുമെല്ലാം കാരണമാണ് ആ സിനിമ നഷ്ടപ്പെട്ടുപോയത്.
പിന്നീട് ഒരു അജിത് സിനിമ സംഭവിച്ചിട്ടില്ല. പുള്ളിയായിട്ട് ഒരു കാര്യം ഇങ്ങോട്ട് ചെയ്യാമെന്ന് പറയുകയും എന്നാൽ നമ്മൾ അത് അംഗീകരിക്കാതെ വരികയും ചെയ്യുമ്പോൾ സ്വാഭാവികമായിട്ടും ഉണ്ടാവുന്ന ഒരു അകൽച്ചയുണ്ടല്ലോ അങ്ങനെയൊക്കെ സംഭവിച്ചതാണ്. പിന്നെ കുറെ കാലം നേരിട്ട് കാണാൻ പറ്റിയിട്ടില്ല.