ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമാക്കിയതോടൊപ്പം സഹോദരനും മുന്‍ എയര്‍ മാര്‍ഷലുമായ അഞ്ജന്‍ കുമാര്‍ ഗൊഗോയിയേയും പ്രധാനസ്ഥാനത്ത് നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സിലിന്റെ (എന്‍.ഇ.സി) അംഗമായാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ജന്‍ കുമാറിനെ നിയമിച്ചത്.
ജനുവരിയിലായിരുന്നു നിയമനം. വടക്ക്-കിഴക്കന്‍ മേഖലയിലുള്ള എട്ട് സംസ്ഥാനങ്ങളുടെ സാമൂഹ്യ-ധന വികസന കാര്യങ്ങള്‍ക്കായുള്ള ഉപദേശകസമിതിയാണ് എന്‍.ഇ.സി.
കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലുള്ള സെക്രട്ടറിമാര്‍ക്ക് ലഭിക്കുന്ന ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ എന്‍.ഇ.സി മെമ്പര്‍മാര്‍ക്കും ലഭിക്കും. അതായത് ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ശമ്പളമായ 2.25 ലക്ഷം രൂപ എന്‍.ഇ.സി അംഗങ്ങള്‍ക്കും ലഭിക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അസം, മണിപ്പൂര്‍, ത്രിപുര, മേഘാലയ, മിസോറാം, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവയാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇവയുടെ ഉന്നമനത്തിനായി 1971 ലെ എന്‍.ഇ.സി ആക്ട് പ്രകാരം 1972 ലാണ് കൗണ്‍സില്‍ രൂപീകരിക്കുന്നത്.
1971 ലെ എന്‍.ഇ.സി ആക്ട് പ്രകാരം ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും എന്‍.ഇ.സി അംഗങ്ങളായിരിക്കും. എന്നാല്‍ 2002 ല്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയ്ക്ക് കൗണ്‍സില്‍ ചെയര്‍മാനേയും മൂന്നംഗങ്ങളേയും നാമനിര്‍ദ്ദേശം ചെയ്യാം.
അതേസമയം സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു ഗൊഗോയിയുടെ സത്യപ്രതിജ്ഞ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗൊഗോയി രാജ്യസഭയിലെത്തിയപ്പോള്‍ ‘ഷെയിം ഓണ്‍ യൂ’ എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം വരവേറ്റത്. ഗൊഗോയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോയി. സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സഭയിലുണ്ടായിരുന്നു.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
WATCH THIS VIDEO: