| Tuesday, 17th March 2020, 12:09 pm

'അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ട് കഴിഞ്ഞോ?'; ഗൊഗോയിയുടെ പെട്ടെന്നുള്ള നാമനിര്‍ദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മദന്‍ ബി ലോക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ വിമര്‍ശിച്ച് മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂര്‍. ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നും അദ്ദേഹം ചോദിച്ചു. ദ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു ലോക്കൂറിന്റെ പ്രതികരണം.

‘ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എന്ത് പ്രത്യുപകാരം നല്‍കുമെന്നതില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷേ, അതെത്ര വേഗത്തിലായി എന്നതിലാണ് ആശ്ചര്യം. ഇത് രാജ്യത്തിന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെയെല്ലാം പുനര്‍ നിര്‍വചിക്കുകയാണ്. അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ടുവോ?’

ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് 2018 ജനുവരിയില്‍ അന്ന് സുപ്രീംകോടതി ജഡ്ജിമാരായിരുന്ന രഞ്ജന്‍ ഗൊഗോയിയും മദന്‍ ബി ലോക്കൂറും ജെ ചെലമേശ്വറും, കുര്യന്‍ ജോസഫും സുപ്രീംകോടതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ടിരുന്നു.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായി 46-ാമത്തെ ചീഫ് ജസ്റ്റിസായി ഗൊഗോയി ചുമതലയേല്‍ക്കുന്നത്.

അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍, ആര്‍.ടി.ഐ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ഗൊഗോയി വിരമിച്ചത്. സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more