ഗുവാഹത്തി: രാജ്യത്തെ വിവിധ കോടതികളിലായി 25 വര്‍ഷമായി കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷം കേസുകളെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്. അഞ്ച് പതിറ്റാണ്ടുകളിലായി ഒരു തീരുമാനവുമാവാത്ത ആയിരത്തിലധികം കേസുകളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗുവാഹത്തിയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ പേരില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വിമര്‍ശനമേല്‍ക്കുന്നുണ്ടെന്നും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഭരണ നിര്‍വ്വാഹക സഭയുടെ ഇടപെടലും ആവശ്യമാണെന്ന് ഗൊഗോയ് പറഞ്ഞു.
കെട്ടിക്കിടക്കുന്ന 90 ലക്ഷം സിവില്‍ കേസുകളില്‍ 20 ലക്ഷത്തിന് സമന്‍സ് പോലും സല്‍കിയിട്ടില്ല. ഇത് രാജ്യത്തെ സിവില്‍ കേസുകളുടെ 23 ശതമാനം വരും. ക്രിമിനല്‍ കേസുകളുടെ അവസ്ഥ ഇതിനേക്കാള്‍ രൂക്ഷമാണ്. 2.1 കോടി ക്രിമിന്ല്‍ കേസുകളില്‍ ഒരു കോടിയിലധികം കേസുകള്‍ക്ക് സമന്‍സ് കൈമാറിയിട്ടില്ല. സമന്‍സ് കൈമാറാതെ എങ്ങനെയാണ് ജഡ്ജിമാര്‍ക്ക് വിചാരണ ആരംഭിക്കാന്‍ കഴിയുക? ഇത് ഭരണ നിര്‍വ്വഹണ സമിതിയോടുള്ള എന്റെ ചോദ്യമാണ്. സര്‍ക്കാരിന്റെ പരിധിയിലുള്ള സംവിധാനങ്ങള്‍ക്കാണ് സമന്‍സ് കൈമാറാനുള്ള ഉത്തരവാദിത്വം’, ഗൊഗോയ് പറഞ്ഞു.
കെട്ടിക്കിടക്കുന്ന മൊത്തം ക്രിമിനല്‍ കേസുകളിലെ 45 ലക്ഷവും നിസാര കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരോട് കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ച് ജൂലൈ പത്തിന് സംസാരിച്ചിരുന്നു. 50 വര്‍ഷവും 25 വര്‍ഷവുമൊക്കെയായി കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടിയുണ്ടാവണമെന്ന് അവരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ നീണ്ട വര്‍ഷങ്ങളിലായി വിധികാത്ത് കിടക്കുന്ന അസമിലെ കേസുകളുടെ കാര്യത്തില്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന് ഗൊഗോയ് ഗുവാഹത്തി ഹൈക്കോടതി നിയുക്ത ചീഫ് ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമിയോട് നിര്‍ദ്ദേശിച്ചു.
ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായപരിധി 62ല്‍നിന്നും 65ലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.