മലയാളത്തിൽ ഇറങ്ങിയതിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്.
മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ക്ലാസ്മേറ്റ്സിനെ പരിഗണിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ,നരേൻ, കാവ്യ മാധവൻ തുടങ്ങിയ യുവ താരങ്ങൾ അണിനിരന്ന ചിത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.
രഞ്ജൻ എബ്രഹാം ആയിരുന്നു ചിത്രത്തിന്റെ എഡിറ്റർ. താൻ ഏറ്റവും ആസ്വദിച്ച് എഡിറ്റ് ചെയ്ത ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ് എന്നും എഡിറ്റിങ് സമയത്ത് തന്റെ ക്യാമ്പസ് ലൈഫാണ് ഓർമ വന്നതെന്നും രഞ്ജൻ എബ്രഹാം പറയുന്നു.
സിനിമയിലെ പോലെ മുദ്രാവാക്യങ്ങളെല്ലാം തനിക്കും ഉണ്ടായിരുന്നുവെന്നും പഴംതുണിയെ പോലൊരു കഥാപാത്രം തന്റെ സുഹൃത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജൻ.
‘സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നു ആ ചിത്രത്തിന്റെ ഫ്ലാഷ് ബാക്ക് സീനുകൾ പ്ലേസ് ചെയ്യുന്നതിനെ കുറിച്ച്. പിന്നെ എഡിറ്റിങ്ങിലും ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ശരിക്കും ഞാൻ നന്നായി ഫീൽ ചെയ്ത് എഡിറ്റ് ചെയ്ത ഒരു പടമാണത്.
കാരണം ഞാനും എന്റെ ക്യാമ്പസ് ലൈഫിനൊപ്പം ട്രാവൽ ചെയ്യുകയായിരുന്നു. ഞാൻ പഠിച്ച കാലഘട്ടമാണ് ഏകദേശം കാണിക്കുന്നത്. അന്നത്തെ മുദ്രാവാക്യം വിളികളും ഒക്കെ ചിത്രത്തിലുണ്ട്.
എന്റെ ബാച്ചിലും ഹോസ്റ്റലിൽ ഒരു പഴംതുണി കഥാപാത്രം ഉണ്ടായിരുന്നു. കുളിക്കൊന്നും ഇല്ലായിരുന്നു. ഞങ്ങൾ ബലമായി പിടിച്ച് കുളിപ്പിക്കുകയൊക്കെ ചെയ്യുമായിരുന്നു,’രഞ്ജൻ എബ്രഹാം പറയുന്നു.
Content Highlight: Ranjan Abraham Talk About Classmates Movie