ടിക്കറ്റെടുത്ത് കണ്ടവരെല്ലാം ഹാപ്പിയാണല്ലോ, ഫ്രീയായിട്ട് കണ്ടവര്‍ക്കാണ് കുഴപ്പം: വര്‍ഷങ്ങള്‍ക്കു ശേഷം ട്രോളുകള്‍ക്കെതിരെ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം
Entertainment
ടിക്കറ്റെടുത്ത് കണ്ടവരെല്ലാം ഹാപ്പിയാണല്ലോ, ഫ്രീയായിട്ട് കണ്ടവര്‍ക്കാണ് കുഴപ്പം: വര്‍ഷങ്ങള്‍ക്കു ശേഷം ട്രോളുകള്‍ക്കെതിരെ എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th June 2024, 10:40 pm

ഈ വര്‍ഷം തിയേറ്ററില്‍ വലിയ ഹിറ്റായി മാറിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും, ധ്യാന്‍ ശ്രീനിവാസനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. വിഷു റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 80 കോടിയോളം കളക്ഷന്‍ നേടി. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിന് നേരം വലിയ രീതിയില്‍ വിമര്‍ശനങ്ങളുയര്‍ന്നു. കഥാപാത്രങ്ങളുടെ മേക്കപ്പും, തിരക്കഥയിലെ പാളിച്ചകളും ട്രോള്‍ പേജുകളില്‍ നിറഞ്ഞു.

എന്നാല്‍ ചിത്രം തിയേറ്ററില്‍ കണ്ടവരെല്ലാം ഹാപ്പിയായിരുന്നുവെന്നും ഒ.ടി.ടി റിലീസിന് ശേഷം ഫ്രീയായി കണ്ടവരാണ് സിനിമയെ വിമര്‍ശിക്കുന്നതെന്നും ചിത്രത്തിന്റെ എഡിറ്ററായ രഞ്ജന്‍ എബ്രഹാം പറഞ്ഞു. അസൂയക്കും കുശുമ്പിനും മരുന്നില്ലെന്ന് പറയുന്നതുപോലെയാണ് ഇത്തരക്കാരുടെ അവസ്ഥയെന്നും രഞ്ജന്‍ എബ്രഹം പറഞ്ഞു. ഫ്രീയായിട്ട് കിട്ടുന്നതുകൊണ്ട് അതിന്റെ വിലറയിയാത്തവരാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും രഞ്ജന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജന്‍ ഇക്കാര്യം പറഞ്ഞത്.

‘അസൂയക്കും കുശുമ്പിനും മരുന്നില്ലെന്ന് പറയുന്നതുപോലെയാണ് ഇത്തരക്കാരുടെ കാര്യം. തിയേറ്ററില്‍ സിനിമ ഹിറ്റായി, ഒ.ടി.ടിയിലെത്തിയപ്പോഴാണ് എല്ലാവരും കുറ്റം പറയുന്നത്. കാശുകൊടുത്ത് ടിക്കറ്റെടുത്ത് കണ്ടവരെല്ലാം ഹാപ്പിയായി. ഫ്രീയായിട്ട് കണ്ടവര്‍ക്കാണ് കുഴപ്പം മുഴുവന്‍. വെറുതെ കിട്ടുമ്പോള്‍ അതിന്റെ വിലയറിയില്ലെന്ന് പറയാറില്ലേ. ഞങ്ങള്‍ക്കൊക്കെ അങ്ങനെയാണ് തോന്നുന്നത്.

കുറ്റം പറയാനാണല്ലോ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. ഏറ്റവും എളുപ്പത്തില്‍ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന പണി കുറ്റം പറയല്‍ മാത്രമാണല്ലോ. ചിലര്‍ക്ക് അങ്ങനെ കുറ്റം പറയുന്നതില്‍ സന്തോഷം കിട്ടുന്നുണ്ടായിരിക്കും. അധികം കാര്യമാക്കാന്‍ നില്‍ക്കാതെ ഇതൊക്കെ കണ്ടില്ലെന്ന് നടിച്ച് വിട്ടാല്‍ മതി,’ രഞ്ജന്‍ എബ്രഹാം പറഞ്ഞു.

Content Highlight: Ranjan Abraham reacts to the trolls against Varshangalkku Sesham