കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അധികാരമേറ്റു. വെള്ളിയാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.
പ്രസിഡന്റായിരുന്ന ഗോതബയ രജപക്‌സെയുടെ രാജി പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യപ അഭയ്‌വര്‍ധന സ്വീകരിച്ചതിന് പിന്നാലെയാണ് വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റായി സ്പീക്കര്‍ നിയമിച്ചത്.
”അതെ, പ്രസിഡന്റിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്. നിയമനടപടികള്‍ മുന്നോട്ട് പോകും,” സ്പീക്കര്‍ വ്യക്തമാക്കി.
നേരത്തെ ഗോതബയ രാജ്യം വിട്ടതിനെത്തുടര്‍ന്ന് വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി ജൂലൈ 13ന് ശ്രീലങ്കന്‍ ചീഫ് ജസ്റ്റിസ് നിയമിച്ചിരുന്നു.
ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം ശക്തമായതോടെ ഗോതബയ രാജ്യം വിട്ടിരുന്നു. നിലവില്‍ സിംഗപ്പൂരിലാണ് അദ്ദേഹം ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിംഗപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞദിവസം ഓണ്‍ലൈനായി, ഇ-മെയില്‍ വഴിയാണ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കയ്യേറിയ ഗോതബയയുടെ വസതിയില്‍ നിന്ന് ഒഴിഞ്ഞുപോകാമെന്ന് രാജിക്ക് പിന്നാലെ പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.
ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ 20ന് വോട്ടെടുപ്പ് നടത്തുമെന്നായിരുന്നു സ്പീക്കര്‍ മഹീന്ദ യപ അഭയ്‌വര്‍ധന പറഞ്ഞത്.
ഇതിന്റെ നടപടികള്‍ ആരംഭിക്കുന്നതിനായി ശനിയാഴ്ച തന്നെ പാര്‍ലമെന്റ് ചേരും എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.
Content Highlight: Ranil Wickremesinghe sworn in as interim President of Sri Lanka, speaker confirms resignation of Gotabaya Rajapaksa