| Sunday, 25th February 2024, 5:18 pm

ഫാമിലിയിലെ റാണി; സമൂഹത്തിന് മുന്നില്‍ നിശബ്ദയാകേണ്ടി വരുന്ന മുഖങ്ങള്‍

വി. ജസ്‌ന

സാഹചര്യങ്ങള്‍ കാരണം പലയിടങ്ങളിലും മൗനം പാലിക്കേണ്ടി വരുന്നവരാണ് നമ്മള്‍. പലപ്പോഴും പ്രിയപെട്ടവരില്‍ നിന്നും തനിക്കോ തനിക്ക് ചുറ്റുമുള്ള ആളുകള്‍ക്കോ അതിക്രമങ്ങള്‍ നേരിടേണ്ടി വരുമ്പോഴും പ്രതികരിക്കാനാകാതെ നില്‍ക്കേണ്ടി വരും.

അത്തരത്തിലുള്ള ഒരാളെ തന്റെ ഫാമിലിയെന്ന സിനിമയിലൂടെ വരച്ചുവെക്കുകയാണ് സംവിധായകന്‍ ഡോണ്‍ പാലത്തറ.

നിഷ്‌കളങ്കന്റെ മുഖംമൂടിയിട്ട് സമൂഹത്തില്‍ ജീവിക്കുന്ന ഒരാളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്ന കഥാപാത്രമാണ് ദിവ്യ പ്രഭ അവതരിപ്പിച്ച റാണിയുടേത്. എന്നാല്‍ അവള്‍ ആ കാര്യം തുറന്നു പറയുമ്പോള്‍ നേരിടേണ്ടി വരുന്നത് പല ഭാഗങ്ങളില്‍ നിന്നുമുള്ള ശകാരങ്ങളാണ്.

വിനയ് ഫോര്‍ട്ട് സോണിയെന്ന കഥാപാത്രമായെത്തിയ ചിത്രത്തില്‍ പറയുന്നത് ഒരു കുടുംബത്തിനകത്ത് പേടികൂടാതെ സുരക്ഷിതനായി തുടരുന്ന ബാലപീഡകനെ കുറിച്ചാണ്. അവിടെ ഒരു കുടുംബത്തില്‍ ഇരട്ടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമാണ് സോണി.

നാട്ടിലും വീട്ടിലും എല്ലാവര്‍ക്കും പ്രിയപെട്ടവനാണ് അവന്‍. ആ നാട്ടില്‍ എന്താവശ്യം വന്നാലും മുന്‍പന്തിയില്‍ നില്‍ക്കാനും ഒരാളുടെ ശവപ്പെട്ടി ചുമക്കാനും, കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാനും, വീട്ടിലേക്കുള്ള വഴിവെട്ടാനും, ചക്ക പറിക്കാനും എന്നുവേണ്ട എല്ലാ കാര്യങ്ങളും സോണി മടികൂടാതെ ചെയ്യും.

കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊടുക്കാനും, കവിത പഠിപ്പിച്ചു കൊടുക്കാനും അവര്‍ക്ക് ഭാവിയെ കുറിച്ച് ഉപദേശം നല്‍കാനുമെല്ലാം സോണി മുന്നിലുണ്ട്. എന്നാല്‍ അതേസമയം ഈ നിഷ്‌കളങ്കതക്ക് അപ്പുറം അയാള്‍ തന്റെ ചുറ്റുമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ ചൂഷണം ചെയ്യാനും മടിക്കുന്നില്ല.

നാട്ടിലെ മിക്ക വീടുകളുടെയും അടുക്കളയിലേക്ക് പോലും എളുപ്പം കയറി ചെന്ന് ഇടപെടാന്‍ മാത്രമുള്ള സ്വാതന്ത്ര്യം സോണി നേടിയെടുത്തിട്ടുണ്ട്. അത്തരത്തില്‍ അയാള്‍ക്ക് സ്വാതന്ത്രമുള്ള ഒരു വീടാണ് റാണിയുടേത്.

പൂര്‍ണ ഗര്‍ഭിണിയായ റാണി കുരുമുളക് ചാക്കിലാക്കുന്നത് കണ്ട് ഓടിവന്ന് അവളെ സഹായിക്കുന്നത് സോണിയാണ്. അടുക്കളയില്‍ ഇരുന്ന് റാണിയോട് കുടുംബകാര്യങ്ങള്‍ സംസാരിക്കുന്ന സോണിയെയും ചിത്രത്തില്‍ കാണാം.

എന്നാല്‍ ഇതേ റാണിക്ക് ഒരു സാഹചര്യത്തില്‍ സോണി ചുറ്റുമുള്ള കുട്ടികളോട് ഇടപെടുന്ന രീതിയില്‍ സംശയം തോന്നുകയാണ്. അലീനയെന്ന കുട്ടിയുമായി അവനെ ഒരു മുറിയില്‍ കണ്ടതും തന്നെ കണ്ടപ്പോള്‍ അലീനയുടെ മുഖത്തുണ്ടായ ഭയവും അവളില്‍ സംശയമുണ്ടാക്കുന്നു.

ഈ കാര്യം തനിക്ക് ഏറ്റവും വിശ്വാസമുള്ള ആളോട് പറയുമ്പോള്‍ ലഭിച്ച മറുപടി ഗര്‍ഭിണിയായത് കൊണ്ടുള്ള തോന്നലാകാമെന്നതായിരുന്നു. പിന്നീട് സോണിയുടെ ബന്ധുവായ സിസ്റ്റര്‍ കാര്യമറിഞ്ഞ് റാണിയെ ശകാരിക്കുന്നതും കാണാം. അവിടെ റാണിക്ക് മൗനം പാലിക്കേണ്ടി വരികയാണ്.

കുടുംബത്തിനകത്ത് കുട്ടികളെ ചൂഷണം ചെയ്യുന്നത് നോര്‍മലൈസ് ചെയ്യുന്ന സ്ത്രീയെയും സിസ്റ്ററിനെയും പള്ളീലച്ചനേയും സംവിധായകന്‍ കാണിക്കുമ്പോള്‍ സമൂഹവും മതവും കുടുംബവും സോണിയെപ്പോലെയുള്ളവരെ സംരക്ഷിക്കുകയാണ് എന്നത് വ്യക്തമാണ്.

ഈ ചിത്രം കാണുന്ന നിമിഷം, ഒരുപക്ഷെ പ്രേക്ഷകരുടെ മനസിലേക്ക് സോണിയെ പോലെയുള്ളവരുടെ മുഖങ്ങള്‍ കടന്ന് വരാം. ഒപ്പം റാണിയെ പോലെ നിശബ്ദയാകേണ്ടി വന്ന ഒരുപാട് മുഖങ്ങളും മനസില്‍ തെളിയും.

ഫാമിലി പൂര്‍ണമായും സോണിയെ പോലെയുള്ളവരുടെ കഥയാണെന്ന് പറയാന്‍ കഴിയാത്തതും അതുകൊണ്ടാണ്. ഒന്ന് ചുറ്റും നോക്കിയാല്‍ ചിലപ്പോള്‍ സോണിയെ പോലെയുള്ള ആളുകളേക്കാള്‍ കൂടുതല്‍ കാണാന്‍ കഴിയുക റാണിയെ പോലെ നിശബ്ദതയാകേണ്ടി വരുന്നവരെയാകാം.

Content Highlight: Rani Of The Family Movie; Faces That Have To Be Silenced In Front Of Society

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more