| Thursday, 1st March 2018, 4:15 pm

ശ്രീദേവിയും, അച്ഛനും എന്നെ വിട്ടുപോയി; ഈ വര്‍ഷം താന്‍ പിറന്നാളാഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബോളിവുഡ് നടി റാണി മുഖര്‍ജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: അന്തരിച്ച ഇന്ത്യന്‍ ചലച്ചിത്ര താരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചനപ്രവാഹം ഒഴുകുകയാണ് ബോളിവുഡില്‍. “ശ്രീജിയുടെ നഷ്ടം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുവെന്നാണ് ബോളിവുഡ് താരം റാണി മുഖര്‍ജി പറഞ്ഞത്.

ശ്രീദേവിയുടെ നഷ്ടം നികത്താന്‍ കഴിയില്ലെന്നും അവരുടെ അസാന്നിദ്ധ്യത്തില്‍ ഈ വര്‍ഷം തന്റെ പിറന്നാള്‍ ആഘോഷിക്കില്ലെന്നും റാണി പറഞ്ഞു. മാര്‍ച്ച് 23 ന് ആണ് റാണി മുഖര്‍ജി പ്രധാന വേഷം ചെയ്യുന്ന ഹിച്ച്കി റിലീസാകുന്നത്.

മാര്‍ച്ച് 21 നാണ് റാണിയുടെ പിറന്നാള്‍. എന്നാല്‍ ഇത്തവണ പിറന്നാളിന് ആഘോഷപരിപാടികളൊന്നും ഇല്ലെന്നും ശ്രീജിയുടെ മരണം തന്നെ തളര്‍ത്തിയെന്നുമാണ് റാണി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നെ ഏറ്റവും കൂടുതല്‍  സ്നേഹിച്ച  വ്യക്തികളാണ് ശ്രീജിയും എന്റെ അച്ഛനും. ചെയ്യുന്ന ഓരോ സിനിമയ്ക്കും സത്യസന്ധമായ പ്രതികരണം നല്‍കിയിരുന്നവരായിരുന്നു അവര്‍. ആ രണ്ടു പേരേയും എനിക്ക് നഷ്ടമായിരിക്കുകയാണ്.

അവരുടെ നഷ്ടത്തിനുമുന്നില്‍ ഞാന്‍ എന്റെ പിറന്നാള്‍ ആഘോഷമാക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്തവണ പിറന്നാളാഘോഷിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും റാണി മുഖര്‍ജി പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്കു മുമ്പാണ് റാണിയുടെ അച്ഛന്‍ മരിച്ചത്. അച്ഛന്റെ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനുമുമ്പാണ് ശ്രീജിയുടെ മരണം. രണ്ടുപേരേയും ജീവിതാന്ത്യം വരെ മറക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

തൊണ്ണൂറുകളുടെ ആദ്യം വരെ ബോളിവുഡില്‍ സ്ത്രീകളുടെ സ്ഥാനം വച്ചുറപ്പിച്ച താരമായിരുന്നു ശ്രീദേവി. കുട്ടിക്കാലം മുതല്‍ ശ്രീദേവിയെ താന്‍ ആരാധിച്ചിരുന്നുവെന്നും റാണി പറഞ്ഞു. തന്റെ അമ്മാവന്‍ ഷൗമു മുഖര്‍ജിയുടെ ചില ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീദേവിയുമായി നല്ല സൗഹൃദമാണുണ്ടായിരുന്നതെന്നും റാണി പറഞ്ഞു.

We use cookies to give you the best possible experience. Learn more