ഇറാനിയന്‍ സിനിമയേക്കാള്‍ പിന്നിലാണ് ഇന്ത്യന്‍ സിനിമകളെന്ന് പൃഥ്വി; 12th ഫെയില്‍ കാണണമെന്ന് റാണി മുഖര്‍ജി
Film News
ഇറാനിയന്‍ സിനിമയേക്കാള്‍ പിന്നിലാണ് ഇന്ത്യന്‍ സിനിമകളെന്ന് പൃഥ്വി; 12th ഫെയില്‍ കാണണമെന്ന് റാണി മുഖര്‍ജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th January 2024, 1:43 pm

താന്‍ ആളുകളോട് ഇറാനിയന്‍ സിനിമകള്‍ കാണാനാണ് പറയുന്നതെന്നും ഇറാനിയന്‍ സിനിമകള്‍ കണ്ടാല്‍ നമ്മുടെ സിനിമകളും അവരുടെ സിനിമകളും തമ്മിലുള്ള വലിയ വ്യത്യാസം കാണാന്‍ സാധിക്കുമെന്നും സംവിധായകന്‍ പൃഥ്വി കോണനൂര്‍. ചില കാരണങ്ങളാല്‍ നമ്മള്‍ ഇറാനിയന്‍ സിനിമയേക്കാള്‍ വളരെ പിന്നിലാണെന്നും പൃഥ്വി കോണനൂര്‍ പറഞ്ഞു.

സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മാത്രമല്ല ആശയങ്ങളുടെ കാര്യത്തിലും അവര്‍ എവിടെയാണെന്ന് ഇറാനിയന്‍ സിനിമ കണ്ടാല്‍ മനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന്റെ മെഗാ പാന്‍ ഇന്ത്യന്‍ റൗണ്ട് ടേബിള്‍ 2023 എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

‘ഞാന്‍ ആളുകളോട് ഇറാനിയന്‍ സിനിമകള്‍ കാണാനാണ് പറയുന്നത്. നിങ്ങള്‍ ഇറാനിയന്‍ സിനിമകള്‍ കാണുക. അപ്പോള്‍ നിങ്ങള്‍ക്ക് നമ്മുടെ സിനിമകളും അവരുടെ സിനിമകളും തമ്മിലുള്ള വലിയ വ്യത്യാസം കാണാന്‍ സാധിക്കും. എനിക്ക് തോന്നുന്നത് ചില കാരണങ്ങളാല്‍ നമ്മള്‍ സത്യത്തില്‍ ഇറാനിയന്‍ സിനിമയേക്കാള്‍ വളരെ പിന്നിലാണെന്നാണ്.

ഇത് എന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഇറാനിയന്‍ സിനിമകള്‍ കാണാനും ആശയങ്ങളുടെ കാര്യത്തില്‍ അവര്‍ എത്രത്തോളം മുമ്പിലാണെന്ന് മനസിലാക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മാത്രമല്ല ആശയങ്ങളുടെ കാര്യത്തിലും അവര്‍ എവിടെയാണെന്ന് നിങ്ങള്‍ മനസിലാവും,’ പൃഥ്വി കോണനൂര്‍ പറഞ്ഞു.

എന്നാല്‍ ഇതേ അഭിമുഖത്തില്‍ പങ്കെടുത്ത നടി റാണി മുഖര്‍ജി പൃഥ്വിയുടെ അഭിപ്രായത്തോടുള്ള തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞു. മറ്റുള്ളവരുടെ സിനിമ കണ്ട് നമ്മള്‍ പഠിക്കണമെന്ന് അദ്ദേഹം പറയുമ്പോള്‍ തനിക്ക് അതിനോട് യോജിപ്പില്ലെന്നും 12th ഫെയില്‍ സിനിമ കാണണമെന്നും താരം പറഞ്ഞു.

ഇന്ത്യയിലാണ് ഏറ്റവും വൈവിധ്യമാര്‍ന്ന സിനിമകള്‍ നിര്‍മിക്കുന്നതെന്നും ലോകത്തിലെ മറ്റേതൊരു സിനിമയുമായും ഇന്ത്യന്‍ സിനിമയെ താരതമ്യം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും റാണി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

‘മറ്റുള്ളവരുടെ സിനിമ കണ്ട് നമ്മള്‍ പഠിക്കണമെന്ന് അദ്ദേഹം പറയുമ്പോള്‍ എനിക്ക് അതിനോട് യോജിപ്പില്ല. അതുകൊണ്ട് ഞാന്‍ ഇവിടെ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ സിനിമയാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്നാണ്.

ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. നിങ്ങള്‍ക്ക് റൂട്ടില്‍ നിന്ന് വരുന്ന സിനിമകളെക്കുറിച്ച് സംസാരിക്കണമെങ്കില്‍, നിങ്ങള്‍ 12th ഫെയില്‍ സിനിമ കാണണമെന്ന് ഞാന്‍ കരുതുന്നു. വിധു വിനോദ് ചോപ്ര നിര്‍മിച്ച ഒരു ബ്രില്ലന്റ് സിനിമയാണ് അത്. ആ ചിത്രം ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്.

നമ്മള്‍ ഇന്ത്യയിലാണ് ഏറ്റവും വൈവിധ്യമാര്‍ന്ന സിനിമകള്‍ നിര്‍മിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യയില്‍ ഉള്ളത് പോലെയുള്ള വൈവിധ്യം ആ സിനിമകള്‍ക്കില്ല. ലോകത്തിലെ മറ്റേതൊരു സിനിമയുമായും ഇന്ത്യന്‍ സിനിമയെ താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ റാണി മുഖര്‍ജി പറയുന്നു.

അതേസമയം, റാണി മുഖര്‍ജി ഇറാനിയന്‍ സിനിമയേക്കാള്‍ മികച്ച് ഇന്ത്യന്‍ സിനിമകളാണെന്ന് പറഞ്ഞതിന് പിന്നാലെ അതിനെ അനുകൂലിച്ച് കൊണ്ടും എതിര്‍ത്തു കൊണ്ടും അഭിപ്രായമുയര്‍ന്നു. താരം ഇറാനിയന്‍ സിനിമ കാണാത്തത് കൊണ്ടാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.


Content Highlight: Rani Mukerji Talks About Indian Movies And Iranian Movies