വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മനോജ് ജോര്‍ജ്ജ് ഈണം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.
വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് എത്തുന്നത്.
ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട മറ്റ് പലരുടേയും ജീവിതങ്ങളാണ് സിനിമ പറയുന്നത്.
ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന്‍ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന്‍ ബിസിനസ് പ്രശ്‌നങ്ങളും, അതിനിടയില്‍ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്.
സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയ അനൗണ്‌സ്‌മെന്റ് ടീസറും ഫസ്റ്റ് ലുക്കും ‘ആരും കാണാ കായല്‍ കുയിലേ…’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ജോസ്‌കുട്ടി ജേക്കബ് നായകനായെത്തുന്ന സിനിമയില്‍ കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്റ്, കോറല്‍ അറേഞ്ചര്‍ ആയിരുന്ന മനോജ് ജോര്‍ജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.