| Wednesday, 2nd November 2022, 4:36 pm

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊന്ന് ആദ്യമായിരിക്കും; മോശം റെക്കോഡുമായി സൂപ്പര്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പിന്നാലെ മോശം റെക്കോഡുമായി സ്‌കോട്ടിഷ് സൂപ്പര്‍ ടീം റേഞ്ചേഴ്‌സ് എഫ്.സി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ പോയിന്റ് പോലും നേടാന്‍ സാധിക്കാതെ വന്നതോടെയാണ് റേഞ്ചേഴ്‌സിനെ തേടി ഈ മോശം റെക്കോഡ് എത്തിയിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നേടിയ സ്‌കോട്ടിഷ് ടീമുകളില്‍ ഇതാദ്യമായാണ് ഒരു ടീം ഇത്തരത്തില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ഒരു പോയിന്റ് പോലും നേടാന്‍ സാധിക്കാതെ പുറത്താവുന്നത്.

എന്നാല്‍ നേരത്തെയും ഇത്തരത്തില്‍ ടീമുകള്‍ ഒറ്റ പോയിന്റും നേടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായിരുന്നു. 2004 – 2005 സീസണില്‍ ഡിപോര്‍റ്റീവോ ലാ കൊരൂനയും 2009 – 2010 സീസണില്‍ ഇസ്രഈല്‍ ക്ലബ്ബ് മക്കാബി ഹൈഫയും 2016 -2017ല്‍ ക്രൊയേഷ്യന്‍ ക്ലബ്ബായ ഡിനാമോ സാഗ്രെബും ഇത്തരത്തില്‍ പുറത്തായവരാണ്.

മൂന്നിനെതിരെ ഒറ്റ ഗോളിന് അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് റേഞ്ചേഴ്‌സിന് ഈ അവസ്ഥ വന്നത്.

ഗ്രൂപ്പ് എയില്‍ നിന്നും യൂറോപ്പ ലീഗിലേക്ക് അയാക്‌സ് യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവാനായിരുന്നു റേഞ്ചേഴ്‌സിന്റെ വിധി.

മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ അയാക്‌സ് ലീഡ് നേടിയിരുന്നു. സ്റ്റീവന്‍ ബെര്‍ഗൗസാണ് അയാക്‌സിനായി വലകുലുക്കിയത്. തുടര്‍ന്ന് 29ാം മിനിട്ടില്‍ മുഹമ്മദ് കുഡുസും അയാക്‌സിന്റെ ലീഡ് വര്‍ധിപ്പിച്ചു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് റേഞ്ചേഴ്‌സ് തിരിച്ചടിച്ചത്. ജെയിംസ് ടാവെര്‍നിയര്‍ പെനാല്‍ട്ടിയിലൂടെ നേടിയ ഗോളിലൂടെ അവസാന നിമിഷ അട്ടിമറിക്ക് റേഞ്ചേഴ്‌സ് ഒരുങ്ങിയെങ്കിലും 89ാം മിനിട്ടില്‍ ഫ്രാന്‍സിസ്‌കോ അയാക്‌സിനായി മറ്റൊരു ഗോള്‍ കൂടി സ്വന്തമാക്കിയതോടെ റേഞ്ചേഴ്‌സ് മോഹങ്ങള്‍ അവസാനിച്ചു.

കളിച്ച ആറ് മത്സരത്തില്‍ നിന്നും ഒരു ജയമോ സമനിലയോ പോലും നേടാന്‍ സാധിക്കാതെയാണ് റേഞ്ചേഴ്‌സ് ചാമ്പ്യന്‍സ് ലീഗിനോട് വിട പറഞ്ഞിരിക്കുന്നത്.

ഗ്രൂപ്പ് എയില്‍ നിന്നും ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ്ബായ നാപ്പോളിയും പ്രീമിയര്‍ ലീഗ് ജയന്റ്‌സ് ലിവര്‍പൂളുമാണ് ചാമ്പ്യന്‍സ് ലീഗ് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള അയാക്‌സ് യൂറോപ്പ ലീഗിലും കളിക്കും.

Content highlight: Rangers FC sets worst record in UEFA Champions League

We use cookies to give you the best possible experience. Learn more