ന്യൂദല്‍ഹി: ഡീസല്‍ വില നിയന്ത്രണം ഏടുത്തുകളയാനും മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുമുള്ള നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തികകാര്യ ഉപദേശകന്‍ സി. രംഗരാജന്‍ ആവശ്യപ്പെട്ടു.[]
വന്‍ പരിഷ്‌കാരങ്ങളുടെ കാലം കഴിഞ്ഞുവെന്ന് സമ്മതിച്ച അദ്ദേഹം ചില്ലറ വില്‍പ്പന മേഖലയിലും സിവില്‍ വ്യോമയാന മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ പാര്‍ലമെന്റിന് പുറത്ത് എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ നടപടി സ്വീകരിക്കാവുന്നതാണെന്നും നിര്‍ദേശിച്ചു.
“അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വിശേഷിച്ചും ഡീസല്‍ വില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്മേലുള്ള സര്‍ക്കാര്‍ വിലനിയന്ത്രണം എത്രയും നേരത്തെ എടുത്തുകളയണം, ഇന്ത്യന്‍ സാമ്പത്തിക നയം സംബന്ധിച്ച കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു. ധനകമ്മി കുറക്കാന്‍ ഇതാവശ്യമാണ്. 2011-12 ധനകാര്യവര്‍ഷത്തില്‍ ധന കമ്മി 5.76% ഭീമമായി വര്‍ധിച്ചിരിക്കുന്ന ഡീസലിന്റെ വിലനിയന്ത്രണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണെങ്കിലും മോശമായ പ്രതികരണം ഭയന്ന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. നിയന്ത്രണം പിന്‍വലിച്ചാല്‍ എണ്ണക്കമ്പനികള്‍ക്ക് ഡീസല്‍ വില സ്വമേധയാ നിശ്ചയിക്കാനാകും. നിലവില്‍ സര്‍ക്കാരാണ് വില നിശ്ചയിക്കുന്നത്. പെട്രോളിന്റെ വില നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ടുണ്ട്”- രംഗരാജന്‍ പറഞ്ഞു.
” ധനക്കമ്മി കുറക്കേണ്ടത് അനിവാര്യമാണ്. അത് ബജറ്റില്‍ നിര്‍ദേശിച്ച തോതിലേക്ക് കൊണ്ടുവരണം. അതിന് സര്‍ക്കാര്‍ ഭരണതല നടപടികള്‍ സ്വീകരിക്കണം. ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 5.1% ആക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.” രംഗരാജന്‍ വ്യക്തമാക്കി.