തിയേറ്ററുകളില്‍ ആവേശപ്പൂരമൊരുക്കി മുന്നേറുകയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. ഫഹദ് ഫാസില്‍ നായകനായ ആവേശം മറ്റ് വിഷു ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ബംഗളൂരുവിലെ ഗ്യാങ്സ്റ്ററായ രംഗയായി ഫഹദിന്റെ ഗംഭീര പെര്‍ഫോമന്‍സാണ് ചിത്രത്തില്‍. കോമഡിയും, മാസും, ഇമോഷന്‍സും എല്ലാം ചേര്‍ന്ന പെര്‍ഫക്ട് പാക്കേജാണ് ഫഹദിന്റെ രംഗന്‍.
എന്നാല്‍ രംഗന്‍ എന്ന പാതി മലയാളിയായ ഗ്യാങ്സ്റ്ററിന്റെ യഥാര്‍ത്ഥ പേര് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു മലയാളിക്ക് എങ്ങനെ രംഗന്‍ എന്ന പേര് വന്നുവെന്ന് സിനിമ കണ്ട പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ രംഗന്റെ യഥാര്‍ത്ഥ പേര് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെറുതായി സൂചിപ്പിച്ചിരുന്നു.
രംഗന്‍ ബിബിക്ക് അയച്ചുകൊടുത്ത റീലില്‍ യഥാര്‍ത്ഥ പേര് ചെറുതായി കാണിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലെ റീലില്‍ ഓഡിയോയുടെ സ്ഥാനത്ത് ‘ഒറിജിനല്‍ ഓഡിയോ ബൈ രഞ്ജിത് ഗംഗാധരന്‍’ എന്ന് കാണിച്ചിട്ടുണ്ട്. രംഗ എന്ന പേരിന്റെ പൂര്‍ണരൂപം രഞ്ജിത് ഗംഗാധരന്‍ ആണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ഒരു കര്‍ണാടക ഗ്യാങ്‌സ്റ്ററിന് രഞ്ജിത് എന്ന പേര് എങ്ങനെ ചേരും എന്നതുകൊണ്ടാണ് രംഗ എന്നാക്കിയതെന്ന് ‘പവനായി സ്റ്റൈലില്‍’ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. രംഗന്റെ വലംകൈയായ അമ്പാന് പോലും അറിയാത്ത കാര്യം കണ്ടുപിടിച്ച സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ.
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 90 കോടിക്കു മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. ഫഹദിന് പുറമെ ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍, ആശിഷ് വിദ്യാര്‍ത്ഥി, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സിന്റെയും, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ അന്‍വര്‍ റഷീദും, നസ്രിയയുമാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Rangan’s original name found by social media