| Monday, 13th December 2021, 12:12 pm

ഇടിക്കൂട്ടില്‍ നിന്നും ഗിന്നസ് ബുക്കിലേക്ക്; റെക്കോഡുമായി റാന്‍ഡി ഓര്‍ട്ടണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിംഗില്‍ നിന്നും മറ്റൊരു ഗിന്നസ് റെക്കോഡ് കൂടി പിറന്നിരിക്കുകയാണ്. പ്രൊഫഷണല്‍ റെസ്‌ലിംഗിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റാന്‍ഡി ഓര്‍ട്ടനാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ പുതിയ ഗിന്നസ് റെക്കോഡിനുടമ.

ഈ വര്‍ഷത്തെ സര്‍വൈവര്‍ സീരീസ് എന്ന പേ പെര്‍ വ്യൂവില്‍ പങ്കടുത്തതോടെയാണ് റാന്‍ഡി ഓര്‍ട്ടന്റെ പേരും ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഏറ്റവുമധികം പേ പെര്‍ വ്യൂവില്‍ പങ്കെടുത്ത റെസ്‌ലര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. റാന്‍ഡിയ്‌ക്കൊപ്പം വനിതാ താരം നതാലിയയും ഗിന്നസ്സില്‍ ഇടം നേടിയിട്ടുണ്ട്.

ഇതോടെ ഗിന്നസില്‍ ഇടം നേടുന്ന സൂപ്പര്‍ സ്റ്റാറുകളുടെ പട്ടികയിലാണ് ഓര്‍ട്ടണും ഇടം നേടിയിട്ടുള്ളത്. റാന്‍ഡിക്ക് പുറമെ അണ്ടര്‍ ടേക്കര്‍, ജോണ്‍ സീന, ബ്രോക്ക് ലെസ്‌നര്‍ സ്‌റ്റോണ്‍ കോള്‍ഡ്, റോക്ക് തുടങ്ങിയ താരങ്ങളാണ് ഇതിന് മുമ്പ് ഗിന്നസ്സില്‍ ഇടം നേടിയത്.

ഏറ്റവുമധികം തവണ റോയല്‍ റംബിള്‍ ജയിച്ച താരം എന്ന റെക്കോഡാണ് സ്‌റ്റോണ്‍ കോള്‍ഡിന്റെ പേരിലുള്ളത്. 3 തവണയാണ് താരം റോയല്‍ റംബിള്‍ ജയിച്ചിട്ടുള്ളത്.

മൂന്ന് മിനിട്ടില്‍ ഏറ്റവുമധികം ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തതിന്റെ റെക്കോഡാണ് റോക്കിന്റെ പേരിലുള്ളത്. 105 പേര്‍ക്കൊപ്പമാണ് താരം സെല്‍ഫിയെടുത്തത്.

ഗിന്നസ് റെക്കോഡുകള്‍ക്കൊപ്പം തന്നെ നിരവധിയായ പ്രൊഫഷണല്‍ റെസ്‌ലിംഗ് റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണല്‍ റെസ്‌ലിംഗ് വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ എന്ന റെക്കോഡും റാന്‍ഡിയുടെ പേരിലാണ്. 2004ല്‍ ക്രിസ് ബെന്‍വയെ തോല്‍പിച്ച് ചാമ്പ്യനാവുമ്പോള്‍ 24 വയസ് മാത്രമായിരുന്നു റാന്‍ഡിയുടെ പ്രായം.

14 തവണയാണ് താരം ഡബ്ല്യൂ.ഡബ്ല്യൂ.ഇ, വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവ സ്വന്തമാക്കിയത്. ഇവയ്ക്ക് പുറമെ ഇന്റര്‍കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പും വേള്‍ഡ് ടാഗ് ടീം ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്.

കരിയറിന്റെ ആരംഭത്തിലുള്ള അതേ കരീസ്മയോടെയാണ് ഇന്നും താരം റിംഗില്‍ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത്. നിലവില്‍ മാറ്റ് റിഡിലിനൊപ്പം റോ ടാഗ് ടീം ചാമ്പ്യനാണ് ഓര്‍ട്ടണ്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Randy Orton hold Guinness World Record for most pay per view appearance

We use cookies to give you the best possible experience. Learn more