ചണ്ഡീഗഢ്: ഹരിയാനയിലെ കൈഥല്‍ നിയമസഭാ മണ്ഡലം ഇപ്പോള്‍ കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നം കൂടിയാണ്. പ്രത്യേകിച്ച്, ദേശീയവക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക്. മൂന്നുവട്ടം തുടര്‍ച്ചയായി സുര്‍ജേവാല കുടുംബം വിജയിച്ചുകയറിയ മണ്ഡലം ഇക്കുറി ബി.ജെ.പി പിടിച്ചെടുക്കുമോ എന്ന ആശങ്കയിലാണ് സുര്‍ജേവാലയും കോണ്‍ഗ്രസും. സിറ്റിങ് എം.എല്‍.എ കൂടിയായ രണ്‍ദീപ് തന്നെയാണ് ഇവിടെ കോണ്‍ഗ്രസിനു വേണ്ടി പടക്കളത്തിലിറങ്ങിയിരിക്കുന്നതും.
കാരണം, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈഥല്‍ മണ്ഡലത്തില്‍ മാത്രം ബി.ജെ.പി നേടിയത് 56,180 വോട്ടിന്റെ ഭൂരിപക്ഷമാണ്. ബാലാകോട്ട്, പുല്‍വാമ സംഭവങ്ങളുടെ പേരില്‍ മാത്രം ലഭിച്ചതാണ് ഈ ഭൂരിപക്ഷമെന്നും ഇക്കുറി അതു പ്രതിഫലിക്കില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 20,000 വോട്ടിന്റെ ലീഡുണ്ടായിട്ടും നിയമസഭയിലേക്ക് മത്സരിച്ച സുര്‍ജേവാലയ്ക്ക് 23,675 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതാണ് കോണ്‍ഗ്രസിന്റെ ആശ്വാസം. 2014-ല്‍ ബി.ജെ.പി മൂന്നാം സ്ഥാനത്താണെന്നതും ഓര്‍ക്കണം.
2005-ല്‍ സുര്‍ജേവാലയുടെ അച്ഛന്‍ ഷംഷേര്‍സിങ്ങിലൂടെയാണ് ആദ്യമായി മണ്ഡലം സുര്‍ജേവാല കുടുംബത്തിലേക്കെത്തുന്നത്. അവിടം മുതല്‍ മൂന്നതവണ തുടര്‍ച്ചയായി പരാജയം അറിഞ്ഞ ലോക്ദള്‍ സ്ഥാനാര്‍ഥി കൈലാഷ് ഭഗത് ഇക്കുറി ബി.ജെ.പിയെ പിന്തുണച്ച് മത്സരരംഗത്തിറങ്ങിയിട്ടില്ല.
സുര്‍ജേവാലയെ ഹരിയാനയുടെ ഭാവി മുഖ്യമന്ത്രി എന്ന സങ്കല്‍പ്പത്തിലൂന്നിയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കു ശേഷമാണ് ഇതു സാധ്യമാവുകയെന്ന് അദ്ദേഹത്തിനും അറിയാം.
എന്നാല്‍ ശക്തി തെളിയിക്കാന്‍ ജിന്ദ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങി തോറ്റതിന്റെ ക്ഷീണം അദ്ദേഹത്തെ വിട്ടുപോയിട്ടുമില്ല. അതും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കനത്ത തിരിച്ചടിയായിരുന്നു.
കൈഥലിലെ എം.എല്‍.എയായിരിക്കെ ജിന്ദില്‍ മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കൈഥല്‍ മണ്ഡല നിവാസികളെ ബാധിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
അതിനായി കൈഥല്‍ മണ്ഡലത്തില്‍ നിന്നു രാജിവെച്ച് ജിന്ദ് എം.എല്‍.എയാകുമെന്ന് സുര്‍ജേവാല പറയുന്നതിന്റെ ഒരു വീഡിയോദൃശ്യം ബി.ജെ.പി കാര്യമായി പ്രചരിപ്പിക്കുന്നുമുണ്ട്.
മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായ സുര്‍ജേവാലയെ എന്തു വിലകൊടുത്തും ഒതുക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷാ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയത്.