'ഇതും മുതലാളിമാരായ ഉറ്റസുഹൃത്തുകള്‍ക്ക് നല്‍കിയ വാക്കാണോ?'; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രണ്‍ദീപ് സിങ് സുര്‍ജേവാല
national news
'ഇതും മുതലാളിമാരായ ഉറ്റസുഹൃത്തുകള്‍ക്ക് നല്‍കിയ വാക്കാണോ?'; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രണ്‍ദീപ് സിങ് സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th March 2020, 1:50 pm

ന്യൂദല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ (ബി.പി.സി.എല്‍) സ്വകാര്യവത്ക്കരക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല.

കഴിഞ്ഞ ഡിസംബറില്‍ 2051.53 കോടി ലാഭം സര്‍ക്കാറിന് നല്‍കിയ ബി.പി.സി.എല്‍ വില്‍ക്കുന്നത് എങ്ങനെ ലാഭകരമാകുമെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ബി.പി.സി.എല്‍ വില്‍ക്കുന്നത് എങ്ങനെ ലാഭകരമാകും?ഡിസംബറില്‍ സര്‍ക്കാറിന് 2051.53 കോടിയുടെ ലാഭം ബി.പി.സി.എല്‍ നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ കാര്യം, 53 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് മോദി സര്‍ക്കാര്‍ ടെന്റര്‍ വിളിച്ചിരിക്കുന്നത്. ഉറ്റസുഹൃത്തുക്കളായ മുതലാളിമാര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനമാണോ ഇതും?,” അദ്ദേഹം ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതു മേഖല സ്ഥാപനമായ ബി.പി.സി.എല്ലിന്റെ ഓഹരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്.

52.98 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ആഗോളതലത്തിലുള്ള താത്പര്യ പത്രമാണ് ക്ഷണിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വിദേശ കമ്പനികള്‍ക്കും ബി.പി.സി.എല്‍ ഓഹരി വാങ്ങാന്‍ അപേക്ഷ നല്‍കാം.

കഴിഞ്ഞ നവംബറിലാണ് ബി.പി.സി.എല്‍ ഓഹരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. തീരുമാനവുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രധാനപ്പെട്ട അഞ്ച് പ്രധാന പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനായിരുന്നു തീരുമാനം. ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടി.എച്ച്, ഡി.സി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളാണ് ബി.പി.സി.എല്‍ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നവംബറില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ