മാപ്പ്, അതെന്റെ പിഴ! ; ഗുര്‍മെഹറിന് എതിരായ പരാമര്‍ശത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ
India
മാപ്പ്, അതെന്റെ പിഴ! ; ഗുര്‍മെഹറിന് എതിരായ പരാമര്‍ശത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2017, 9:34 am

മുംബൈ: കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനെതിരായ പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. ഗുര്‍മെഹറിനെതിരായ ട്വീറ്റ് തെറ്റായിരുന്നുവെന്നും കൂടുതല്‍ ശ്രദ്ധയോടെ വിഷയത്തില്‍ ഇടപെടണമെന്നുമായിരുന്നു രണ്‍ദീപിന്റെ ഏറ്റുപറച്ചില്‍.

എ.ബി.വി.പിയ്‌ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയില്‍ നടത്തിയായിരുന്നു ഗുര്‍മെഹര്‍ വാര്‍ത്തകളില്‍ നിറയുന്നത്. ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ മന്ദീപ് സിംഗിന്റെ മകളാണ്. ” എ.ബി.വി.പിയെ എനിക്ക് ഭയമില്ല”  എന്ന് തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന തന്റെ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ഗുര്‍മെഹര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.


Also Read: കൊട്ടിയൂര്‍ പീഡനം: ഫാദര്‍ തോമസ് തേരകത്തേയും സിസ്റ്റര്‍ ബെറ്റിയേയും ഇന്ന് അറസ്റ്റ് ചെയ്‌തേക്കും


ഗുര്‍മെഹറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗും ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും രംഗത്തെത്തുകയായിരുന്നു. രാഷ്ട്രീയ നീക്കമെന്നായിരുന്നു ഗുര്‍മെഹറിന്റെ നിലപാടിനെ രണ്‍ദീപ് വിമര്‍ശിച്ചത്.

എന്നാല്‍ താന്‍ വ്യക്തിപരമായ അഭിപ്രായങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ഗുര്‍മെഹറിനെതിരായ തന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമല്ലായെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, അഭിപ്രായം പറയുന്നതില്‍ താന്‍ കുറേ കൂടി ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു നടനെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളുടെ ഇരയായിട്ടുണ്ട്് താനെന്നും അതിനാല്‍ ചെറു പ്രായത്തില്‍ ഇതുപോലെ സോഷ്യല്‍ മീഡിയ ആക്രമണത്തെ ചെറുക്കുന്നതില്‍ ഗുര്‍മെഹര്‍ കൂറേ കൂടി ശ്രദ്ധിക്കണമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നായിരുന്നു താരത്തിന്റെ വിശദീകരണം.


Also Read: നൂറ്റാണ്ടിന്റെ വിജയം; വാങ്ങിയതെല്ലാം തിരിച്ചു നല്‍കി ന്യൂകാമ്പില്‍ ബാഴ്‌സയുടെ ചരിത്ര വിജയം


ഗുര്‍മെഹറിനെതിരെ ട്വീറ്റ് ചെയ്യുന്ന സമയത്ത് അവര്‍ക്കെതിരെ ഭീഷണികള്‍ ഉയരുന്നതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും തന്റെ ട്വീറ്റിനെ ആളുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയും തന്നെ ഒരു തെമ്മാടിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും രണ്‍ദീപ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണങ്ങള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ കടന്നാക്രമിക്കുന്നത് തെറ്റാണെന്നും അത് അവസാനിപ്പിക്കണമെന്നും അധികൃതര്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും രണ്‍ദീപ് വ്യക്തമാക്കി.

സെവാഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തത് തമാശയായി കണ്ടു കൊണ്ടു മാത്രമാണെന്നും അതിനു പിന്നിലെ സംഭവങ്ങളെക്കുറിച്ചോ പെണ്‍കുട്ടിയേയോ അറിയില്ലായിരുന്നുവന്നും രണ്‍ദീപ് പറഞ്ഞു. തന്റെ വാക്കുകളെ വളച്ചൊടിച്ച് സോഷ്യല്‍ മീഡിയ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.