| Wednesday, 22nd May 2019, 5:16 pm

'രണ്ടാമൂഴം' സിനിമാതര്‍ക്കം;ശ്രീകുമാര്‍ മേനോനും എം.ടിയും ഹൈക്കോടതിയിലേക്ക്; ഹരജി ഫയല്‍ ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: എം.ടി വാസുദേവന്‍ നായരുടെ വിഖ്യാതകൃതിയായ രണ്ടാംമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഹൈക്കോടതിയിലേക്ക്. ഇത് സംബന്ധിച്ച് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനും ഹൈക്കോടതിയില്‍ വ്യത്യസ്ത ഹരജികള്‍ നല്‍കി.

തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥനെ വെയ്ക്കണമെന്നാവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന്‍ ഹരജി നല്‍കിയത്.

വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന കോടതി പരാമര്‍ശം നീക്കാനാണ് എം.ടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുവരുടെയും ഹരജികള്‍ ഹൈക്കോടതി ജൂണ്‍ 12ന് പരിഗണിക്കാന്‍ മാറ്റി.

നേരത്തെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹരജി നല്‍കിയത്.

തുടര്‍ന്ന് സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പറഞ്ഞ സമയത്ത് ആരംഭിച്ചിരുന്നില്ല.

അതേസമയം, 1000 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കായി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പിന്മാറിയെന്നും ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ ഹരജിയില്‍ വ്യക്തമാക്കി.

DoolNews Video

We use cookies to give you the best possible experience. Learn more