| Tuesday, 16th July 2019, 8:04 pm

'അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യണം'; മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിയോട് റാഞ്ചി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് റാഞ്ചി കോടതി. അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യാനാണ് പെണ്‍കുട്ടിയോട് കോടതി നിര്‍ദേശിച്ചത്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതിയോടാണ് കോടതി ഖുര്‍ആന്‍ വാങ്ങി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മനീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.

ഖുര്‍ആനില്‍ ഒരെണ്ണം അന്‍ജുമാന്‍ ഇസ്‌ലാമിയ കമ്മിറ്റിക്കും ബാക്കി നാലെണ്ണം വിവിധ സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കും നല്‍കാനാണ് നിര്‍ദേശം.

ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് റിച്ചയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സന്ദേശങ്ങള്‍ മുസ്‌ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പൊലീസ് കണ്ടെത്തി.

റിച്ചയുടെ അറസ്റ്റിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇരുമത വിഭാഗങ്ങളിലേയും നേതാക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് റിച്ചക്ക് കോടതി ജാമ്യം നല്‍കിയത്.

കോടതി നല്‍കിയ 15 ദിവസത്തിനുള്ളില്‍ നിര്‍ദേശം നടപ്പാക്കാമെന്ന് റിച്ചയുടെ അഭിഭാഷകന്‍ റാം പ്രവേഷ് കോടതിക്ക് ഉറപ്പു നല്‍കി. വിധിക്കെതിരെ ഹിന്ദു സംഘടനകളും ബി.ജെ.പി നേതാക്കളും കോടതിക്ക് പുറത്തു പ്രതിഷേധിച്ചു.

We use cookies to give you the best possible experience. Learn more