| Saturday, 9th December 2023, 9:45 pm

പുതിയ നേട്ടവുമായി അനിമല്‍; ഡങ്കിയും സലാറുമെത്തിയാല്‍ അനിമലിന് 1000 കോടി ക്ലബിലെത്താന്‍ സാധിക്കുമോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷമവസാനം തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു അനിമല്‍. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്‌സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

എന്നിട്ടും 2023ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍ നായകനായ സിനിമ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

600 കോടി കളക്ഷന്‍ മറികടന്ന അനിമല്‍ 2018ല്‍ പുറത്തിറങ്ങിയ രണ്‍ബീറിന്റെ ‘സഞ്ജു’ സിനിമ നേടിയ കളക്ഷനെ മറികടന്ന് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രമായി മാറി.

Sacnilk.comന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ‘സഞ്ജു’ ഇതുവരെ 588 കോടിയായിരുന്നു കളക്ഷന്‍ നേടിയിരുന്നത്.

ഇതോടെ രണ്‍ബീറിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘സഞ്ജു’ മാറി. മൂന്നാം സ്ഥാനത്ത് 431 കോടി കളക്ഷനുമായി രണ്‍ബീര്‍ – ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്രയാണ് ഉള്ളത്.

അനിമല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിക്കുന്ന സാഹചര്യത്തില്‍ വൈകാതെ 1000 കോടി ക്ലബ്ബില്‍ കയറുമെന്നാണ് രണ്‍ബീര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഈ മാസാവസാനം ഷാരൂഖ് ഖാന്റെ ഡങ്കിയും പ്രഭാസിന്റെ സലാറും റിലീസിനെത്തുന്ന സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരുമോയെന്ന ചോദ്യവും ഉയരുന്നു.

Content Highlight: Ranbir’s Animal Collection

We use cookies to give you the best possible experience. Learn more