സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ധൂം4. സിനിമയുടെ ഓരോ അപ്‌ഡേറ്റിനുമുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈയിടെ സിനിമയില്‍ നായകനായി എത്തുക ഷാരൂഖ് ഖാന്‍ ആകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അഭിഷേക് ബച്ചന് പകരം പൊലീസ് വേഷം ചെയ്യാനെത്തുക തമിഴ് സൂപ്പര്‍താരം സൂര്യയായിരിക്കുമെന്നും റൂമറുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ധൂം ഫ്രാഞ്ചൈസിയുടെ നാലാം ഭാഗത്തില്‍ എത്തുന്നത് രണ്‍ബീര്‍ കപൂര്‍ ആണെന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. നടനുമായി വളരെകാലമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ അദ്ദേഹം നായകനാകാമെന്ന് സമ്മതിച്ചുവെന്നും പിങ്ക്‌വില്ല പറയുന്നു.
ആദിത്യ ചോപ്രയ്ക്ക് പ്രിയപ്പെട്ട ഒരു ഫ്രാഞ്ചൈസിയാണ് ധൂമെന്നും നിലവില്‍ ഈ ഫ്രാഞ്ചൈസിയെ റീബൂട്ട് ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ധൂമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുയോജ്യമായ ആളാണ് രണ്‍ബീര്‍ കപൂര്‍ എന്നാണ് ആദിത്യ ചോപ്ര കരുതുന്നതെന്നും പിങ്ക്‌വില്ല കൂട്ടിച്ചേര്‍ത്തു.
ഫ്രാഞ്ചൈസിയുടെ റീബൂട്ടായത് കൊണ്ട് മുമ്പ് ഭാഗമായ അഭിനേതാക്കള്‍ ഇത്തവണ ഉണ്ടാകാന്‍ സാധ്യതയില്ല. ചിത്രത്തില്‍ പൊലീസുകാരായി എത്തുക യുവ തലമുറയില്‍ നിന്നുള്ള രണ്ട് വലിയ ഹീറോകളാകുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ ധൂമിന്റെ ഭാഗമായാല്‍ ഇത് അദ്ദേഹത്തിന്റെ കരിയറിലെ 25ാമത് സിനിമയാകും.
2004ലായിരുന്നു ധൂമിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ഇന്നും സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ധൂം. യാഷ് രാജ് ഫിലിംസിന് (വൈ.ആര്‍.എഫ്) കീഴില്‍ എത്തിയ സിനിമയില്‍ അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം, ഉദയ് ചോപ്ര, ഇഷ ഡിയോള്‍, റിമി സെന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
അതുവരെ കാണാത്ത ആക്ഷന്‍ സീനുകളും ചെയ്സിങ് സീനുകളുമായിട്ട് എത്തിയ സിനിമ പിന്നീട്
90സ് കിഡ്സിന്റെ വികാരമായ സിനിമാ ഫ്രാഞ്ചൈസിയായ ധൂം സീരീസിലേക്ക് വഴിയൊരുക്കി. ജോണ്‍ എബ്രഹാമിന്റെ കരിയര്‍ ബെസ്റ്റ് സിനിമയായി ധൂം മാറിയിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം 2006ലായിരുന്നു ധൂം2 പുറത്തിറങ്ങുന്നത്. ഹൃത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ബിപാഷ ബസു, ഉദയ് ചോപ്ര എന്നിവരായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. ബ്രസീലില്‍ ചിത്രീകരിച്ച ആദ്യത്തെ പ്രധാന ഹിന്ദി ചിത്രമായിരുന്നു ധൂം2.
പിന്നീട് 2013ലാണ് ധൂമിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്തിയത്. ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, ഉദയ് ചോപ്ര, ജാക്കി ഷ്‌റോഫ് എന്നിവര്‍ ഒന്നിച്ച ചിത്രം പത്ത് ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമായി 400 കോടിയായിരുന്നു നേടിയത്. 500 കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടെയായിരുന്നു ധൂം3.
Content Highlight: Ranbir Kapoor To Lead Upcoming Dhoom4