ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ 2015ല്‍ പുറത്ത് വന്ന ചിത്രമാണ് തമാശ. രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. റിലീസ് സമയത്ത് ചിത്രം വലിയ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രത്തിന് വലിയ ആരാധക വൃന്ദമുണ്ടായിരുന്നു.
തമാശയുടെ പരാജയത്തെ പറ്റി സംസാരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. അന്ന് ആ സിനിമ ഒരു ദുരന്തമായിരുന്നുവെന്നും ഇന്ന് ഒരുപാട് ആളുകള്‍ ആ ചിത്രത്തെ പറ്റി തന്നോട് സംസാരിക്കാറുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. തമാശയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. ബ്രൂട്ട് ഇന്ത്യ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തമാശ, ജഗ ജാസൂസ് പോലെയുള്ള സിനിമകള്‍ തിയേറ്ററില്‍ വര്‍ക്കായിരുന്നില്ല. ആ സിനിമകള്‍ എന്തുകൊണ്ടാണ് വിജയിക്കാഞ്ഞതെന്ന് എനിക്ക് മനസിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുപാട് ആളുകള്‍ എന്നോട് തമാശയെ പറ്റി സംസാരിക്കാറുണ്ട്. ഇറങ്ങിയ സമയത്ത് ആ സിനിമ ഒരു ദുരന്തമായിരുന്നു. എന്നാല്‍ ആ സിനിമയുടേയും കഥാപാത്രത്തിന്റെയും മൂല്യം എനിക്കറിയാമായിരുന്നു. ആ സിനിമയുടെ ഭാഗമായതില്‍ എനിക്ക് അഭിമാനമുണ്ട്,’ രണ്‍ബീര്‍ പറഞ്ഞു.
അനിമലാണ് ഒടുവില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ ചിത്രം. സന്ദീപ് റെഡ്ഡി വങ്കാ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്ത സിനിമയാണ് അനിമല്‍. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
Content Highlight: Ranbir Kapoor talks about the failure of Tamasha