| Tuesday, 26th December 2023, 9:29 pm

നായകനാവേണ്ട രണ്ട് സിനിമകള്‍ ആമിര്‍ ഖാന്‍ കൊണ്ടുപോയി; താനത് അര്‍ഹിച്ചിരുന്നില്ലെന്ന് രണ്‍ബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമീര്‍ ഖാന്റെ കരിയറിലെ തന്നെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് പി.കെയും 3 ഇഡിയറ്റ്‌സും. ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരുന്നത് രാജ്കുമാര്‍ ഹിരാനിയായിരുന്നു. ഇന്ത്യക്കകത്തും നിന്നും പുറത്ത് നിന്നും വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ഇരുചിത്രങ്ങളിലും നായകനാവാന്‍ രണ്‍ബീര്‍ കപൂര്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ ആ സിനിമകള്‍ ആമീറിലേക്ക് പോവുകയായിരുന്നു. വിഷയത്തില്‍ പ്രതികരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. അതെല്ലാം ആമിറിന്റെ സിനിമകളാണെന്നും താന്‍ ആ ചിത്രങ്ങള്‍ അര്‍ഹിച്ചിരുന്നില്ലെന്നും രണ്‍ബീര്‍ പറഞ്ഞു. മിഡ്‌ഡേ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ബീര്‍.

‘ആ സിനിമകള്‍ ഞാന്‍ അര്‍ഹിച്ചിരുന്നില്ല. തുടക്കം മുതല്‍ തന്നെ അവയെല്ലാം ആമിര്‍ സാറിന്റെ സിനിമകളായിരുന്നു. 20കളിലും 40കളിലുമുള്ള കാലഘട്ടം കാണിക്കാന്‍ പറ്റിയ ഒരു നടനെയായിരുന്നു രാജു സാറിന് വേണ്ടിയിരുന്നത്. കുറച്ചു പ്രായമായ ആക്ടറിനെ കൊണ്ടുവരികയാണെങ്കില്‍ രണ്ട് കാലഘട്ടവും എളുപ്പത്തില്‍ കാണിക്കാനാവും എന്ന് രാജു സാര്‍ കരുതിക്കാണും. എത് എനിക്ക് നന്നായി മനസിലായി. 3 ഇഡിയറ്റ്‌സ് ഞാന്‍ അര്‍ഹിച്ചിരുന്നില്ല.

അതിന് ശേഷം എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. രാജു സാറിന്റെ അമ്മയെ കണ്ടതും അച്ഛന്‍ അവരുടെ കാലില്‍ വീണു എന്നാണ് ഞാന്‍ കേട്ടത്. നിങ്ങളുടെ മകന്‍ ഒരു ജീനിയസാണ്, എന്നെങ്കിലും നിങ്ങളുടെ മകന്റെ സിനിമയില്‍ എന്റെ മകന്‍ അഭിനയിക്കുമെന്നാണ് പ്രതീക്ഷ എന്ന് അച്ഛന്‍ അവരോട് പറഞ്ഞു. എന്റെ അച്ഛന്‍ അങ്ങനെയാണ്. എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ മനസില്‍ വരുന്നത് അങ്ങ് കാണിക്കും,’ രണ്‍ബീര്‍ പറഞ്ഞു.

അനിമലാണ് ഒടുവില്‍ റിലീസ് ചെയ്ത രണ്‍ബീര്‍ ചിത്രം. സന്ദീപ് റെഡ്ഡി വങ്കാ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്തത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് സംവിധാനം ചെയ്ത സിനിമയാണ് അനിമല്‍. രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Content Highlight: Ranbir kapoor talks about 3 idiots and pk

We use cookies to give you the best possible experience. Learn more