ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് റന്‍ബീര്‍ കപൂര്‍. ഇന്ത്യയിലുടനീളം താരത്തിന് ആരാധകര്‍ ഏറെയാണ്. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത് അതില്‍ ഇന്ത്യന്‍ സിനിമാലോകം തന്നെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആയന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്‌മാസ്ത്ര.
തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ഒരേ സമയം മൊഴിമാറ്റിയും ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം അവതരിപ്പിക്കുന്നത് ബ്രഹ്‌മാണ്ഡ സംവിധായകന്‍ രാജമൗലിയാണ്. ചിത്രത്തിന്റെ ടീസര്‍ റിലീസും പ്രൊമോഷന്‍ ഇവന്റും രാജമൗലിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് വെച്ചാണ് നടന്നത്.
ഈ പരിപാടിക്കിടെയാണ് രണ്‍ബീര്‍ കപൂര്‍ തെന്നിന്ത്യന്‍ സിനിമകളെ പറ്റിയും നടന്മാരെ പറ്റിയും തുറന്ന് പറഞ്ഞത്.
‘ഞാന്‍ തെന്നിന്ത്യന്‍ സിനിമളുടെ വലിയ ആരാധകനാണ്, രജനി സാര്‍, കമല്‍ സാര്‍, ചിരഞ്ജീവി ഗാരു, പവന്‍ കല്യാണ്‍ ഗാരു ഇവരെല്ലാം എന്റെ പ്രിയ സുഹൃത്തുക്കളാണ്
പവന്‍ കല്യാണ്‍ സിനിമകള്‍ക്കുള്ള ആവേശം എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ രണ്‍ബീര്‍ പറഞ്ഞു
ഇവരെയൊക്കെ എനിക്ക് ഇഷ്ടമാണെങ്കിലും ഈ നടന്മാരില്‍ നിന്ന് ഏറ്റവും ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഡാര്‍ലിങ് പ്രഭാസിന്റെ പേരാകും പറയുക എന്നും റന്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.
നിറഞ്ഞ കൈയ്യടികളോടെയാണ് രണ്‍ബീറിന്റെ വാക്കുകളെ സദസ് ഏറ്റെടുത്തത്.
2017ല്‍ ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ‘ബ്രഹ്‌മാസ്ത്ര’ പ്രഖ്യാപിച്ചത്. മൂന്ന് ഭാഗങ്ങളാണ് ചിത്രത്തിന് ഉണ്ടാകുക. ധര്‍മാ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍ തന്നെയാണ് പ്രധാനമായും ബ്രഹ്‌മാസ്ത്ര നിര്‍മിക്കുന്നത്. 300 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ അമിതാഭ് ബച്ചന്‍, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന, ഡിമ്പിള്‍ കപാഡിയാ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.