കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നത്.
ചിത്രം ജനുവരി 26 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചതോടെ വീണ്ടും സമാനമായ വിമര്‍ശനങ്ങളുയര്‍ന്നു. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമുണ്ട്. ചിത്രത്തിലെ പല സീനുകളും സ്ത്രീ വിരുദ്ധമാണെന്നും ഇങ്ങനെയുള്ള ഒരു സിനിമ ആഘോഷിക്കപ്പെടുന്നത് അപകടകരമായ കാര്യമാണെന്നും വിമര്‍ശനമുയര്‍ന്നു.
ഈ കാര്യത്തില്‍ രണ്‍ബീര്‍ കപൂര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി അനിമലിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
‘ടോക്‌സിക് മസ്‌കുലിനിറ്റിയെ കുറിച്ച് ഇപ്പോള്‍ വളരെ ആരോഗ്യകരമായ സംസാരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അത് വലിയ കാര്യമാണ്. കാരണം ഇപ്പോള്‍ സിനിമയിലെങ്കിലും അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുകയാണ്.
ഏതെങ്കിലും തെറ്റായ ഒരു കാര്യം, അത് തെറ്റാണെന്ന് നിങ്ങള്‍ കാണിക്കുന്നില്ലെങ്കിലും അതിനെ പറ്റിയുള്ള സംസാരം ആരംഭിക്കുന്നില്ലെങ്കിലും നമ്മള്‍ ഒരിക്കലും അത് തെറ്റാണെന്ന കാര്യം തിരിച്ചറിയില്ല.
പിന്നെ നമ്മള്‍ സിനിമയില്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങള്‍, അവ കഥാപാത്രങ്ങള്‍ മാത്രമാണ്. ആ റോള്‍ അഭിനയിക്കേണ്ടത് കാരണം ആ കഥാപാത്രത്തോട് അഭിനേതാക്കളെന്ന നിലയില്‍ നമുക്ക് സഹാനുഭൂതിയുണ്ടാകാം.
എന്നാല്‍ പ്രേക്ഷകന്‍ എന്ന നിലയില്‍, എന്താണ് തെറ്റ് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരു തെറ്റായ വ്യക്തിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു സിനിമ നിര്‍മിക്കാം. അങ്ങനെ നിര്‍മിക്കണം. കാരണം നിങ്ങള്‍ അവരെ കുറിച്ച് സിനിമ ചെയ്തില്ലെങ്കില്‍ സമൂഹം ഒരിക്കലും മെച്ചപ്പെടില്ല,’ രണ്‍ബീര്‍ കപൂര്‍ പറയുന്നു.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗയാണ് അനിമല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പം രശ്മിക മന്ദാനയും അനില്‍ കപൂറും ബോബി ഡിയോളും പ്രധാനവേഷങ്ങളിലെത്തി.
Content Highlight: Ranbir Kapoor reacts about Animal for the first time