രണ്‍ബീര്‍ കപൂര്‍ – ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്ര മികച്ച കളക്ഷന്‍ റെക്കോഡുകള്‍ നേടി മുന്നേറുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പ്രൊമോഷന്‍ പരിപാടികളായിരുന്നു റിലീസിന് മുന്‍പ് ബ്രഹ്മാസ്ത്ര ടീം സംഘടിപ്പിച്ചത്.
രണ്‍ബീറും ആലിയ ഭട്ടും തന്നെയായിരുന്നു പ്രൊമോഷന്‍ പരിപാടികളിലെ പ്രധാന ആകര്‍ഷണം. അനവധി ഇന്റര്‍വ്യൂകളും ഇരുവരും നല്‍കിയിരുന്നു.
എന്നാല്‍ ബ്രഹ്മാസ്ത്രയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ആലിയ ഭട്ടിനെതിരെ ചിലര്‍ കുറ്റപ്പെടുത്തലുകളുമായി എത്തിയിരുന്നു. ഗര്‍ഭിണിയായ ആലിയക്കെതിരെ സെക്‌സിസ്റ്റായ വാദങ്ങളായിരുന്നു ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നത്.
ഇപ്പോള്‍ ആലിയ ഭട്ടിനെതിരെ ഉയരുന്ന കുറ്റപ്പെടുത്തലുകളില്‍ പ്രതികരിച്ചിരിക്കുകയാണ് ജീവിതപങ്കാളി കൂടിയായ രണ്‍ബീര്‍ കപൂര്‍.
‘ഗര്‍ഭിണിയായിരിക്കുന്ന സമയത്തും സിനിമയുടെ മുഴുവന്‍ മാര്‍ക്കറ്റിങ്ങ് കാര്യങ്ങളിലും ആലിയ പങ്കെടുത്തു. ഈ കണ്ടീഷനിലും ആലിയ ഇതൊക്കെ ചെയ്തത് ആളുകള്‍ക്ക് പ്രചോദനമാണ്. അതിന് പകരം അവളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് അസൂയ മാത്രമാണ്. അത്തരക്കാരുടെ അസംബന്ധം നിറഞ്ഞ വാക്കുകള്‍ക്ക് ചെവി കൊടുക്കേണ്ടതില്ല,’ എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞു.
ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും താന്‍ ആലിയയെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. ആലിയയുടെ സാന്നിധ്യം തന്റെ ജീവിതത്തെ ഏറെ സമാധാനപൂര്‍ണമാക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് ആലിയ. സംശയത്തിന്റെ ഒരു കണിക പോലും കൂടാതെ ഞാന്‍ അത് പറയും. സിനിമയിലും അതിന് പുറത്തുമെല്ലാം ആലിയ ചെയ്യുന്ന വര്‍ക്കുകളില്‍ ഏറെ അഭിമാനമുണ്ട്. ആലിയയുടെ മൂല്യബോധവും എടുത്തുപറയേണ്ടതാണ്. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ വ്യക്തിയാണ് ആലിയയെന്നും രണ്‍ബീര്‍ പറഞ്ഞു.
അതേസമയം ബോളിവുഡിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാനുള്ള കുതിപ്പിലാണ് ബ്രഹ്മാസ്ത്ര. ആദ്യ ആഴ്ചയിലെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ചിത്രം ആഗോള തലത്തില്‍ 300 കോടി നേടിയെന്നാണ് നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് പുറത്തുവിട്ട ട്വീറ്റില്‍ പറഞ്ഞിരുന്നത്. ഇന്ത്യയില്‍ നിന്നും ചിത്രം 191.30 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം പണം വാരിയ രണ്‍ബീര്‍ കപൂറിന്റെ സിനിമകളില്‍, യേ ജവാനി ഹേ ദിവാനിയെ മറികടന്ന് ബ്രഹ്മാസ്ത്ര രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
Content Highlight: Ranbir Kapoor about Alia Bhatt working through her pregnancy; says any kind of criticism is just jealousy