ഗെയിമിങ് ആപ്പ് കേസ്; രണ്‍ബീര്‍ കപൂര്‍ ഹാജരാകണമെന്ന് ഇ.ഡി
NATIONALNEWS
ഗെയിമിങ് ആപ്പ് കേസ്; രണ്‍ബീര്‍ കപൂര്‍ ഹാജരാകണമെന്ന് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2023, 6:14 pm

മുബൈ: ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ രണ്‍ബീര്‍ കപൂറിനോട് വെള്ളിയാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ടു. ആപ്പ് പ്രമോട്ട് ചെയ്യുന്ന നിരവധി പരസ്യങ്ങളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനത്തില്‍നിന്നാണ് അദ്ദേഹത്തിന് വന്‍തോതിലുള്ള പണം ഗെയിമിങ് ആപ്പ് കൈമാറിയതെന്ന് അന്വഷണ ഏജന്‍സി അവകാശപ്പെട്ടു.
നിയമവിരുദ്ധമായ വാതുവെപ്പ് വെബ്സൈറ്റുകള്‍ക്ക് വേണ്ടി പുതിയ ഉപയോക്താക്കളെ എന്റോള്‍ ചെയ്യിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഐഡികള്‍ നിര്‍മിച്ചു നല്‍കുന്നതിനും ബിനാമി ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃതമായി വാതുവെപ്പ് വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നതിനുമൊക്കെ സഹായിക്കുന്ന പ്രധാന കണ്ണിയാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പെന്ന് അന്വേഷണ എജന്‍സി പറഞ്ഞു.

സര്‍ക്കാറിന്റെ ഗെയിമിങ് ആപ്പുകള്‍ക്കായുള്ള പുതിയ നിയമപ്രകാരം വാതുവെപ്പും പന്തയവും പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഡസനോളം അഭിനേതാക്കള്‍ നിരീക്ഷണത്തിലാണെന്നും ഇവരെയും ഉടന്‍ വിളിപ്പിക്കുമെന്നും ഇ.ഡി അറിയിച്ചു.

വാതുവെപ്പ് സാമ്പത്തിക തട്ടിപ്പുകേസില്‍ ഇ.ഡി കഴിഞ്ഞ മാസം 417 കോടിരൂപ കണ്ടുകെട്ടിയിരുന്നു. ബിലായില്‍ നിന്നുള്ള കമ്പനി ഓപ്പറേറ്റേഴ്‌സ് സമാനമായ നാലഞ്ച് ആപ്പുകള്‍ വെറെയും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്ന് 200 കോടിയോളം സമ്പാദിച്ചിട്ടുണ്ടെന്നും ഏജന്‍സി ആരോപിച്ചു.യു.എ.ഇ യിലെ ഹെഡ് ഓഫീസില്‍ നിന്നാണ് ആപ്പ് പ്രവര്‍ത്തപ്പിക്കുന്നത്. ആപ്പിന് ശ്രീലങ്കയിലും കോള്‍ സെന്ററുണ്ട്.

Content Highlight: Ranbeer Kapoor summoned By E.D In Gaming App Case