| Tuesday, 28th February 2023, 8:09 am

ബോളിവുഡ് ബോയ്‌കോട്ട് അടിസ്ഥാനരഹിതം, പത്താന്റെ വിജയം ഷാരൂഖ് ഖാന് അര്‍ഹതപ്പെട്ടത്: രണ്‍ബീര്‍ കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹ മാധ്യമങ്ങളിലൂടെയുള്ള ബോയ്‌കോട്ട് ക്യാംപെയ്നുകളെ വിമര്‍ശിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍. ബോളിവുഡ് ബഹിഷ്‌കരണം അടിസ്ഥാനരഹിതമാണെന്ന് നടന്‍ പറഞ്ഞു. കൊറോണക്ക് ശേഷം ഒരുപാട് നെഗറ്റീവ് കാര്യങ്ങള്‍ വരുന്നുണ്ടെന്നും സിനിമകള്‍ വിനോദത്തിന് വേണ്ടി മാത്രം നിര്‍മിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരുന്നത് അവരുടെ വിഷമങ്ങള്‍ മറക്കാനാണെന്നും സിനിമകള്‍ ബഹിഷ്‌കരിക്കുന്നത് ബാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.പുതിയ ചിത്രമായ തു ജൂതി മെയ്ന്‍ മക്കാറിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിലാണ് രണ്‍ബീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

” ബോളിവുഡ് ബഹിഷ്‌കരിക്കുക എന്ന ആഹ്വാനത്തെക്കുറിച്ച് എന്നോട് ചോദിച്ചാല്‍, അത് അടിസ്ഥാനരഹിതമാണെന്ന് ഞാന്‍ പറയും. പകര്‍ച്ചവ്യാധിക്ക് ശേഷം നിരവധി നെഗറ്റീവ് കാര്യങ്ങള്‍ വരുന്നുണ്ട്. സിനിമകള്‍ വിനോദത്തിനായി നിര്‍മ്മിച്ചതാണ്. അതല്ലാതെ ഞങ്ങള്‍ ലോകത്തെ രക്ഷിക്കാനായി നിര്‍മിച്ചതല്ല.

പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് വരുന്നത് തങ്ങളുടെ വിഷമങ്ങള്‍ മറക്കാനാണ്. വലിയ സ്‌ക്രീനില്‍ സിനിമകള്‍ കാണാനും നല്ല സമയം ആസ്വദിക്കാനുമാണ് അവര്‍ വരുന്നത്. ബഹിഷ്‌കരണത്തിന്റെ കാര്യം എനിക്കറിയില്ല,” രണ്‍ബീര്‍ പറഞ്ഞു.

ബോക്സ് ഓഫീസില്‍ 1,000 കോടിയിലധികം നേടിയ ‘പത്താന്‍’ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ പ്രകടനത്തെ കുറിച്ചും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. സ്‌പൈ ഡ്രാമയുടെ വിജയം ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് ഉത്തേജനം നല്‍കിയെന്നാണ് അദ്ദേഹം പറഞ്ഞത്.

”പത്താന്റെ വിജയം സിനിമാ വ്യവസായത്തിന് ആവശ്യമായിരുന്നു. ഈ വലിയ വിജയം പത്താന്‍ നേടിയതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്. സിനിമയുടെ എല്ലാ വിജയങ്ങളും ഷാരൂഖ് ഖാന് അര്‍ഹതപ്പെട്ടതാണ്. ഒരു നടനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തോടൊപ്പം നിരവധി തവണ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹം ഈ ഇന്‍ഡസ്ട്രിക്ക് വളരെയധികം സംഭാവനകള്‍ നല്‍കി. ഞാന്‍ അദ്ദേഹത്തെ ഓര്‍ത്ത് വളരെ അഭിമാനിക്കുന്നു,” രണ്‍ബീര്‍ പറഞ്ഞു.

തു ജൂതി മെയ്ന്‍ മക്കാര്‍ റൊമാന്റിക് കോമഡി ചിത്രമാണ്. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ലവ് രഞ്ജനാണ്. ചിത്രം നിര്‍മിക്കുന്നത് ലവ് ഫിലിംസാണ്. രണ്‍ബീര്‍ കപൂറിനൊപ്പം ശ്രദ്ധ കപൂറാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

content highlight: ranbeer kapoor about pathan

We use cookies to give you the best possible experience. Learn more