| Monday, 17th July 2023, 7:23 pm

ദ്രാവിഡിനെ പോലെയല്ല, അവനെ പുറത്താക്കാന്‍ എളുപ്പമായിരുന്നു; തുറന്നുപറഞ്ഞ് മുന്‍ പാകിസ്ഥാന്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റര്‍മാരുടെ ലിസ്റ്റെടുത്താല്‍ മുന്‍ പന്തിയില്‍ കാണാന്‍ സാധിക്കുന്ന താരമാണ് വിരേന്ദര്‍ സെവാഗ്. തന്റെ പതിനാല് വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലുടനീളം അദ്ദേഹം വെടിക്കെട്ട് ശൈലിയിലായിരുന്നു ബാറ്റേന്തിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ കാലത്തിന് മുന്നേ സഞ്ചരിച്ച അതിവേഗ സ്‌കോറിങ്ങായിരുന്നു വീരു നടത്തിയിരുന്നത്.

ഫൂട്‌വര്‍ക്കില്‍ മോശമായിരുന്ന സെവാഗ് തന്റെ ഇന്റന്റ് കൊണ്ടായിരുന്നു ടെസ്റ്റ് ക്രിക്കറ്റിനെയും ബൗളര്‍മാരെയും സമീപിച്ചത്. ക്രിക്കറ്റിന്റെ ലോങ് ഫോര്‍മാറ്റില്‍ അദ്ദേഹം റണ്‍സ് വാരികൂട്ടിയിരുന്നു. 104 ടെസ്റ്റ് മത്സരത്തില്‍ നിന്നും 8586 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. ഏകദേശം 50 റണ്‍സിന് അടുത്ത് വരുന്ന ശരാശരി ടെസ്റ്റ് ക്രിക്കറ്റിലുള്ള അദ്ദേഹം രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

സെവാഗിന്റെ ആ ശൈലിയും ബൗളര്‍മാര്‍ക്കെതിരെയുള്ള ആക്രമണ രീതിയുമെല്ലാം ക്രിക്കറ്റ് ലോകത്ത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തെ പുറത്താക്കാനാണ് ഏറ്റവും എളുപ്പമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ബൗളറായ റാണ നവേദ് ഉല്‍ ഹസന്‍. സെവാഗിനെ പുറത്താക്കാന്‍ എളുപ്പമായിരുന്നുവെന്നും അതേസമയം രാഹുല്‍ ദ്രാവിഡിനെ പുറത്താക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘സെവാഗിനെ പുറത്താക്കാന്‍ എളുപ്പമായിരുന്നു, ഔട്ടാക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് രാഹുല്‍ ദ്രാവിഡിനെയായിരുന്നു,’ നവേദ് ഉല്‍ ഹസന്‍ പറഞ്ഞു. നാദിര്‍ അലിയുടെ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹമിത് വെളിപ്പെടുത്തിയത്.

പാകിസ്ഥാനായി 74 ഏകദിന മത്സരം കളിച്ച നാവേദ് 110 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം വിക്കറ്റും നേടിയത് ഇന്ത്യക്കും വിന്‍ഡീസിനിനുമെതിരെയായിരുന്നു. ഒമ്പത് ടെസ്റ്റും നാല് ട്വന്റി-20 മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇതില്‍ 23 വിക്കറ്റുകളാണ് നവേദ് നേടിയത്.

ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിന് ശേഷവും സെവാഗ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും കമന്ററി ബോക്‌സിലും സജീവമാണ്. ഇന്ത്യന്‍ ടീമിനെയും മറ്റു ടീമുകളെയും വിമര്‍ശിക്കാന്‍ അദ്ദേഹം മടി കാണിക്കാറില്ല.

Content Highlight: Rana Naved Ul Hasan says Sehwag was Easy to Dismis and Dravid was Tough

We use cookies to give you the best possible experience. Learn more