തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളാണ് റാണാ ദഗ്ഗുബട്ടി. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളായ സുരേഷ് ബാബുവിന്റെ മകനായ റാണ 2010ല്‍ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും തിളങ്ങിയ റാണ, രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലനായ ഭല്ലാല ദേവനായി മികച്ച പ്രകടനമാണ് റാണ കാഴ്ചവെച്ചത്.
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ച് റാണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ആമസോണ്‍ പ്രൈമിലെ തന്റെ ചാറ്റ് ഷോയില്‍ ദുല്‍ഖറിനോട് സംസാരിക്കവെയാണ് റാണ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്. തന്റെ നാല് കഥാപാത്രങ്ങള്‍ മാത്രമായിരിക്കും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുകയെന്നും ദുല്‍ഖര്‍ 40ലധികം കഥാപാത്രങ്ങള്‍ പകര്‍ന്നാടിയിട്ടുണ്ടെന്നും റാണ പറഞ്ഞു.
എന്നാല്‍ ദുല്‍ഖറിന്റെ പിതാവ് മമ്മൂട്ടി 400ലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനും ഇത്തരമൊരു കാര്യം അവകാശപ്പെടാന്‍ കഴിയില്ലെന്നും റാണ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം 35ലധികം സിനിമയില്‍ അദ്ദേഹം നായകനായിട്ടുണ്ടെന്നും ആ റെക്കോഡ് മറ്റൊരു നടനും ഇനി തകര്‍ക്കാന്‍ കഴിയില്ലെന്നും റാണ പറഞ്ഞു.
മലയാളസിനിമയുടെ വണ്‍ മാന്‍ ആര്‍മിയാണ് മമ്മൂട്ടിയെന്നും 1970കള്‍ മുതല്‍ സിനിമാലോകത്ത് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെന്നും റാണ ദഗ്ഗുബട്ടി കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും റാണ പറഞ്ഞു.
‘ഇന്ത്യന്‍ സിനിമയില്‍ മറ്റേതൊരു സൂപ്പര്‍സ്റ്റാറുകളെക്കാളും കൂടുതല്‍ സിനിമകള്‍ ചെയ്ത നടനാണ് ശ്രീ മമ്മൂട്ടി. ഞാന്‍ ചെയ്തതില്‍ വെറും നാല് കഥാപാത്രങ്ങള്‍ മാത്രമേ ചിലപ്പോള്‍ വ്യത്യസ്തമായിട്ടുണ്ടാകുള്ളൂ. ദുല്‍ഖര്‍ ഇതിനോടകം വെറും നാല്പത് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ മമ്മൂട്ടിയെന്ന മനുഷ്യന്‍ 400ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്.
1970കള്‍ മുതല്‍ അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിച്ചിട്ടുണ്ട്. അതില്‍ ഒരു വര്‍ഷം 35 സിനിമകളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു. ഇന്ത്യയില്‍ മറ്റൊരു നടനും ഇനി ആ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കില്ല. മലയാളസിനിമയുടെ വണ്‍ മാന്‍ ആര്‍മിയാണ് മമ്മൂട്ടി. ഇന്നും ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എല്ലാവരെയും വിസ്മയിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നു എന്നത് വലിയ കാര്യമാണ്,’ റാണാ ദഗ്ഗുബട്ടി പറഞ്ഞു.
Content Highlight: Rana Daggubatti says Mammootty is One Man Army of Malayalam Cinema