രജിനികാന്ത് സാര്‍ ആ സിനിമ സെലക്ട് ചെയ്തത് കണ്ട് ഞാന്‍ അമ്പരന്നുപോയി: റാണാ ദഗ്ഗുബട്ടി
Entertainment
രജിനികാന്ത് സാര്‍ ആ സിനിമ സെലക്ട് ചെയ്തത് കണ്ട് ഞാന്‍ അമ്പരന്നുപോയി: റാണാ ദഗ്ഗുബട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 3:32 pm

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വേട്ടയ്യന്‍. ജയ് ഭീം എന്ന കാലിക പ്രാധാന്യമുള്ള സിനിമക്ക് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്താണ് നായകന്‍. രജിനിക്ക് പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബട്ടി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാരാ വിജയന്‍ തുടങ്ങി വന്‍ താരനിരയുണ്ട്.

സാധാരണ രജിനി ചിത്രങ്ങള്‍ പോലെയല്ല വേട്ടയ്യനെന്നും രജിനിയെ പോലൊരു നടന്‍ ഇത്തരത്തില്‍ ഒരു സിനിമ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പറയുകയാണ് റാണാ ദഗ്ഗുബട്ടി. റോ ടാക്‌സ് വിത് വി.കെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറഞ്ഞത്. സംവിധായകന്റെ മുന്‍ ചിത്രമായ ജയ് ഭീമിലെപ്പോലെ സാമൂഹിക വ്യവസ്ഥിതിക്കെതിരെ സംസാരിക്കുന്ന സിനിമയാണ് വേട്ടയ്യനെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘സാധാരണ രജിനി സിനിമകള്‍ പോലെയല്ല വേട്ടയ്യന്‍. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് രജിനി സാര്‍ ഈ സിനിമ തെരഞ്ഞെടുത്തതാണ്. വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയാണിത്. രജിനി സാറുണ്ട്, അമിതാഭ് ബച്ചനുണ്ട്, ഫഹദ് ഫാസിലുണ്ട്, ഞാനുമുണ്ട്. ഏറ്റവും ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള കാര്യം ഇതൊരു ആക്ഷന്‍ സിനിമയല്ല , ഡ്രാമാ ഴോണറാണ്.

ജുഡീഷ്യറി, പൊലീസ്, എന്റര്‍പ്രൊണറല്‍ സിസ്റ്റം ഇതൊക്കെ തമ്മിലുള്ള കഥയാണ് സിനിമയുടേത്. നല്ല രീതിയില്‍ റിസര്‍ച്ച് ചെയ്തിട്ടുള്ള സ്‌ക്രിപ്റ്റാണ് ഇതിന്റേത്. കണ്ടു ശീലിച്ച രജിനി ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും വേട്ടയ്യന്‍. രജിനി സാര്‍ ഇതുപോലുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നത് സന്തോഷമുള്ള കാര്യമാണ്,’ റാണ പറഞ്ഞു.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബറില്‍ ദീപാവലി റിലീസായി ചിത്രം തിയേറ്ററിലെത്തും.

Content Highlight: Rana Daggubatti saying that he got amazed after seeing  Rajni selected movie like Vettaiyan