|

സംസ്‌കരിക്കാന്‍ കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍; യു.പിയിലെ കൊവിഡിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്ത് റാണ അയൂബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൊവിഡ് വ്യാപനത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്ന വീഡിയോയുമായി മാധ്യമപ്രവര്‍ത്തക റാണ അയൂബ്. യു.പിയുടെ തലസ്ഥാനമായ ലഖ്‌നൗവില്‍ സംസ്‌കരിക്കാനായി മൃതദേഹങ്ങള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് റാണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുപ്പതിലധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ച് കഴിഞ്ഞ ശ്മശാനത്തിന് മുന്നില്‍ സംസ്‌കാരിക്കാനായി മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ നിന്നിറക്കുന്ന കാഴ്ചയാണിത്.

‘മുന്നറിയിപ്പ്. കാണ്‍പൂരില്‍ നിന്ന് 5 മിനിറ്റ് മുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്. ഇത് എനിക്ക് അയച്ചത് എന്റെ ധീരനായ സഹപ്രവര്‍ത്തകന്‍ അരുണ്‍ ഷര്‍മത് ആണ്. കുറഞ്ഞത് 30 മൃതദേഹങ്ങള്‍ ഉള്ളില്‍ സംസ്‌കരിക്കുകയാണെന്നും പുറത്ത് കാണുന്നത് സംസ്‌കാരത്തിനായി കാത്തു കിടക്കുന്ന മൃതദേഹങ്ങളുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ ഇതാണ് അവസ്ഥ. ദുരന്തത്തിന്റെ തോത് ഒന്നാലോചിച്ചു നോക്കൂ,’ റാണ പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

വെള്ളിയാഴ്ചകളില്‍ തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലാ ആഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പതിനാല് ദിവസത്തെ ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനങ്ങളുടെ ജീവന്റെ കാര്യമാണെന്നും അതില്‍ കടുംപിടുത്തം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി.

മാരക വൈറസ് ബാധിച്ച് ജീവനുവേണ്ടി പിടയുന്ന ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിയാത്തത് അത്യധികം ലജ്ജാവഹമാണെന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rana Ayyub Shares Video Of Dead Bodies In Kanpur Amid Covid19