| Saturday, 14th March 2020, 1:17 pm

'ദശാബ്ദകാലം കോണ്‍ഗ്രസിനൊപ്പം നിന്ന ആളാണ് തീവ്രവാദക്കേസിലെ പ്രതിയായ പ്രഞ്ജയ്‌ക്കൊപ്പം നിന്ന് വിജയമുദ്ര കാട്ടുന്നത്'; സിന്ധ്യക്കെതിരെ റാണാ അയൂബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണാ അയൂബ്.

സിന്ധ്യയും പ്രഞ്ജ താക്കൂറും ഒരുമിച്ചുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് സിന്ധ്യക്കെതിരെ റാണാ അയൂബ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരെന്നു വിളിക്കപ്പെട്ടുന്നവരുടെ വ്യാപ്തിയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് റാണ അയൂബ് പറഞ്ഞത്.

” ദശാബ്ദകാലത്തോളം കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്ന
ജ്യോതിരാദിത്യ സിന്ധ്യയാണ് തീവ്രവാദക്കേസിലെ പ്രതിയായ പ്രഞ്ജ താക്കൂറിനോടൊപ്പം നിന്ന് വിജയമുദ്ര കാട്ടുന്നത്.  ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരെന്നു വിളിക്കപ്പെട്ടുന്നവരുടെ വ്യാപ്തിയാണ് ഈ ചിത്രം വ്യക്തമാക്കുന്നത്”, റാണാ അയൂബ് ട്വീറ്റ് ചെയ്തു.

അതേസമയം, സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ  ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറുമുണ്ടായി.

കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. വാഹനത്തിന് നേരെ ഇതിനിടെ കല്ലേറും ഉണ്ടായി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു സിന്ധ്യ.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സിന്ധ്യയെ കരിങ്കൊടി കാണിച്ചതെന്നും സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയെ ചതിച്ചെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി അബ്ദുള്‍ നാഫിസ് പറഞ്ഞത്. കരിങ്കൊടി കാണിച്ചതിന് പുറമെ വാഹനത്തിന് മുകളില്‍ കരിഓയില്‍ ഒഴിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കടുത്തതോടെ പൊലീസ് സ്ഥലത്തെത്തുകയും പ്രവര്‍ത്തകരെ പിരിച്ചുവിടുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more