കോഹ്‌ലി നിങ്ങളുടെ ഈ മൗനം ഭയപ്പെടുത്തുന്നു; ഷമിയ്‌ക്കെതിരായ വംശീയ ആക്രമണങ്ങളില്‍ ഇന്ത്യന്‍ ടീം പ്രതികരിക്കണമെന്ന് റാണാ അയ്യൂബ്; ട്വിറ്ററില്‍ പ്രതിഷേധം
India vs Pakistan
കോഹ്‌ലി നിങ്ങളുടെ ഈ മൗനം ഭയപ്പെടുത്തുന്നു; ഷമിയ്‌ക്കെതിരായ വംശീയ ആക്രമണങ്ങളില്‍ ഇന്ത്യന്‍ ടീം പ്രതികരിക്കണമെന്ന് റാണാ അയ്യൂബ്; ട്വിറ്ററില്‍ പ്രതിഷേധം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th October 2021, 1:43 pm

മുംബൈ: പാകിസ്ഥാനെതിരായ ലോകകപ്പിലെ തോല്‍വിയില്‍ മുഹമ്മദ് ഷമിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിഷേധം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാധ്യമരംഗത്തെ നിരവധി പേര്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

ഷമിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്തെത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് വംശീ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീം മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സ്വന്തം ടീമംഗം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നും മിണ്ടാതിരുന്നിട്ട് ഇത്തരം പ്രതിഷേധങ്ങളില്‍ കാര്യമില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

ഷമിക്കെതിരെ നടക്കുന്നത് ഇസ്‌ലാമോഫോബിക് ആയ വിദ്വേഷ പ്രചരണമാണെന്നും ഭരണകൂടത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പ്രതികരിച്ചു.

മത്സരശേഷം പാക് താരത്തെ ആശ്ലേഷിച്ച കോഹ്‌ലിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഷമിയേയും ഇതുപോലെ ചേര്‍ത്തുനിര്‍ത്താന്‍ കോഹ്‌ലിയ്ക്കാകണമെന്നും സലില്‍ ത്രിപാഠി പറഞ്ഞു.


ഷമിയ്‌ക്കെതിരായ ആക്രമണങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് അജയ് കാമത്ത് പറഞ്ഞത്.

ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്.


പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. പാകിസ്ഥാനോടുള്ള കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്.

‘നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം കൈപറ്റി?: എന്നാണ് മറ്റൊരു ട്വീറ്റ്.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയ്‌ക്കെതിരായ ആക്രമണം.


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒരുവശത്ത് ഉറച്ചുനിന്ന കോഹ്‌ലിയാണ് പൊരുതാവുന്ന സ്‌കോര്‍ ടീമിന് സമ്മാനിച്ചത്.

മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ വിജയത്തിലെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rana Ayyoob Muhammed Shami Virat Kohli BCCI