ന്യൂദല്‍ഹി: രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജിവെയ്ക്കാന്‍ രാജ്യത്തെ ഏതെങ്കിലും ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തക റാണ അയൂബ്.
‘ഇന്ത്യയിലെ ഏതെങ്കിലും പത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുമോ?കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയെ പറ്റി ഏതെങ്കിലും പത്രം വാര്‍ത്ത നല്‍കുമോ? ഏതെങ്കിലും പത്രം മോദിയുടെ രാജി ആവശ്യപ്പെടുമോ? ഒരെണ്ണം പോലുമില്ല,’ റാണ ട്വിറ്ററിലെഴുതി.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു റാണയുടെ പരാമര്‍ശം.
Is there a single newspaper in India that will publish the names of those we lost to Covid on the front page ? Is there a single newspaper in the country that will ask for Modi’s resignation and ask accountability of the Prime Minister ? NOT ONE. NOT ONE
നേരത്തെ ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദി ഓസ്ട്രേലിയന്‍ വിമര്‍ശിച്ചിരുന്നു. മോദി ഇന്ത്യയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടിയായിരുന്നു ദി ഓസ്‌ട്രേലിയന്റെ ലേഖനം.
കുംഭമേള അനുവദിച്ചത്, ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത്, കൊറോണ വൈറസ് വകദേദത്തെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചത്, മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ ദി ഓസ്‌ട്രേലിയന്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
മോദിയുടെ അമിത ആത്മവിശ്വാസവും അതിദേശീയതാവാദവും വാക്‌സിന്‍ വിതരണത്തിലെ കാലതാമസവും ആരോഗ്യമേഖലയിലെ പോരായ്മകളും രോഗം നിയന്ത്രിക്കാതെ സാമ്പത്തികരംഗത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയതും ലേഖനത്തില്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.
ഇതോടെ പത്രത്തിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതവും അധിക്ഷേപപരവുമായ കാര്യങ്ങളാണ് ദി ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ചതെന്നാണ് ഇന്ത്യന്‍ ഹൈകമ്മീഷന്‍ പത്രത്തിന്റെ എഡിറ്റര്‍- ഇന്‍-ചീഫിനെഴുതിയ കത്തില്‍ പറയുന്നത്.
മറ്റൊരു ലേഖനം പ്രസിദ്ധീകരിക്കണമെന്നും ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ‘ശരിയായ’ വിവരങ്ങള്‍ നല്‍കണമെന്നും ഹൈകമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ദി ഓസ്‌ട്രേലിയനോട് ഇന്ത്യ ആവശ്യപ്പെട്ടു.
നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദി ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക