ന്യൂദല്‍ഹി: ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകയുമായ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ്. ഏറ്റവും മികച്ചത് ചെയ്തതുകൊണ്ടാണ് ഡാനിഷിന് ജീവന്‍ നഷ്ടപ്പെട്ടതെന്നും അപ്രിയ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും അവര്‍ ട്വീറ്റ് ചെയ്തു.
‘ഏറ്റവും മികച്ചത് ചെയ്തതുകൊണ്ടാണ് ഡാനിഷിന് ജീവന്‍ നഷ്ടപ്പെട്ടത്. വലിയ ത്യാഗങ്ങള്‍ സഹിച്ച് അപ്രിയമായ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം എടുത്ത ചിത്രങ്ങള്‍ ചില ഐക്കണുകളായി ചരിത്രത്തിന്റെ ഭാഗമായി തുടരും. ഇന്നലില്ലാഹി വഇന്നി ഇലൈഹി റാജൂണ്‍. അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുള്ള കരുത്ത് നല്‍കാന്‍ പ്രാര്‍ഥിക്കുന്നു,’ റാണ അയ്യൂബ് പറഞ്ഞു.
ജോലിസ്ഥലത്തെ തന്റെ ആദ്യത്തെ സഹപ്രവര്‍ത്തകരില്‍ ഒരാളാണ് ഡാനിഷ്. സുഹൃത്ത്, നിരൂപകന്‍, ഏറ്റവും സമര്‍പ്പിത പത്രപ്രവര്‍ത്തകന്‍, ‘കുഴപ്പക്കാരന്‍’ അങ്ങനെ പലതുമായിരുന്നു അവന്‍. ക്യാമറയോടായിരുന്നു അവന്റെ സ്‌നേഹമെന്നും റാണ അയ്യൂബ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.
അദ്നാന്‍ ആബിദിക്കൊപ്പമാണ് ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു പുരസ്‌കാരം.
2015ലെ നേപ്പാള്‍ ഭൂകമ്പം, 2016-17 മൊസൂള്‍ യുദ്ധം, റോഹിന്‍ഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ദല്‍ഹി കലാപം എന്നിങ്ങനെ ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.
ദല്‍ഹി കലാപത്തിനിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTNT HIGHLIGHTS : Rana Ayub is shocked to lose her friend Photo journalist Danish Siddiqui