World News
തിരിച്ചടിക്കും, മറുപടിയില്ലാതെ പോകില്ല; സിറിയയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇബ്രാഹിം റെയ്‌സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 21, 04:30 am
Sunday, 21st January 2024, 10:00 am

ടെഹ്‌റാന്‍: സിറിയയില്‍ ഇറാന്റെ എലീറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ്‌നിെതരായ ഇസ്രഈലിന്റെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ചയായിരുന്നു ദമാസ്‌കസിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇറാന്റെ എലീറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് താവളത്തില്‍ ഇസ്രഈലിന്റെ മിസൈല്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

സംഭവത്തില്‍ അഞ്ച് ഇറാനിയന്‍ സൈനിക ഉപദേഷ്ടാക്കളും നിരവധി സിറിയന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എത്ര സിറിയന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

ഹുജ്ജത്തുല്ല ഒമിദ്‌വാര്‍, അലി അഗസാദിഹ്, ഹുസൈന്‍ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമീന്‍ സമിദി എന്നിവരാണ് കൊല്ലപ്പെട്ട ഇറാന്റെ സൈനിക ഉപദേഷ്ടാക്കള്‍. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിക്കുന്നുമുണ്ട്.

ഇസ്രായേലിന്റെ ഈ ക്രൂരതക്ക് തിരിച്ചടി ഉറപ്പാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജനറല്‍ ഹുസൈന്‍ സലാമിയും പ്രതികരിച്ചു.

കഴിഞ്ഞമാസം ദമാസ്‌കസില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ സിറിയയിലെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു.

ഇസ്രഈലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാഖില്‍ അല്‍ അസദ് വ്യോമ താവളത്തിന് നേര്‍ക്ക് ഇറാഖിലെ ഇസ് ലാമിക് റെസിസ്റ്റന്‍സ് വിഭാഗം നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് രണ്ട് അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു ഇറാഖി ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

സൈനികരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികളെല്ലാം തന്നെ സ്വീകരിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

 

 

Content Highlight: Iran Precedent Ebrahim Raisi says Israel’s strike in Syria will not go unanswered